ബിഹാർ ഇനി സമ്പൂര്‍ണ മദ്യനിരോധ സംസ്ഥാനം

പട്ന: ബിഹാറിൽ സമ്പൂർണ മദ്യനിരോധം നടപ്പാക്കാൻ നിതീഷ് കുമാർ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ രാജ്യത്ത് പൂര്‍ണമായി മദ്യം നിരോധിക്കുന്ന നാലാമത്തെ സംസ്ഥാനമായി ബിഹാര്‍. ഇനിമുതല്‍ ഹോട്ടലുകളിലും ബാറുകളിലും വിദേശമദ്യം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യൻ നിർമിത മദ്യവും വിദേശമദ്യവും പൂർണമായും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. അതേസമയം, ആര്‍മി കാന്‍റീനുകളില്‍ മദ്യം ലഭിക്കുന്നതിന് തടസമുണ്ടാവില്ല. സംസ്ഥാനത്ത് ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുമെന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചാരായത്തിനും കള്ളിനും നേരത്തെ തന്നെ ബിഹാറിൽ നിരോധമുണ്ടായിരുന്നു. 

ഏതാണ്ട് 6000 കോടി രൂപയാണ് 2015-2016 കാലഘട്ടത്ത് മദ്യവിൽപ്പനയിലൂടെ ബിഹാർ സർക്കാരിന് ലഭിച്ചത്. ഇതിൽ 2,000 കോടി രൂപ വിദേശ മദ്യ വിൽപ്പനയിലൂടെയും 4000 കോടി രൂപ ഇന്ത്യൻ നിർമിത മദ്യത്തിലൂടെയുമായിരുന്നു ലഭിച്ചത്.

സാധാരണക്കാരാണ് മദ്യത്തിന് അടിമയാവുന്നവരില്‍ ഏറെയും. ഇത് കുടുംബ ബന്ധങ്ങളേയും കുട്ടികളുടെ വിദ്യാഭാസത്തേയും മോശമായ രീതിയിലാണ് ബാധിക്കുന്നതെന്ന് നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. മദ്യത്തിന്‍റെ ഉപയോഗത്തിലൂടെ സ്ത്രീകളാണ് ഏറ്റവും ബുദ്ധിമുട്ടുന്നതെന്നും നിതീഷ് പറഞ്ഞു.

പുതിയ നിയമം നിലവില്‍ വന്നതോടെ മദ്യം വർജിക്കുമെന്ന് എം.എൽ.എമാരും പൊലീസുകാരും  പ്രതിജ്ഞ എടുത്തു. നിയമം നിലവില്‍ വന്നതോടെ സംസ്ഥാനത്തെ നാടന്‍ മദ്യഷോപ്പുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.