ന്യൂഡൽഹി: ജഡ്ജിമാർ വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് അപൂർവമല്ല നമ്മുടെ രാജ്യത്ത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി നിലവിൽ രാജ്യസഭാംഗമാണ്. മറ്റ് നിരവധി കോടതികളിലെ ജഡ്ജിമാർ വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടന്നിട്ടുണ്ട്. അടുത്തിടെ വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനോട് ഒരു ചടങ്ങിൽ വെച്ച് ഈയൊരു ചോദ്യം ഉന്നയിക്കപ്പെട്ടു. റിട്ട. ജഡ്ജിമാർ രാഷ്ട്രീയത്തിൽ ചേരുന്നതിനെ കുറിച്ച് അദ്ദേഹത്തിന്‍റെ അഭിപ്രായമെന്തെന്നായിരുന്നു ചോദ്യം.
അതിന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് നൽകിയ മറുപടി ഇങ്ങനെയാണ്. 'വിരമിച്ചു കഴിഞ്ഞാലും ഒരു ന്യായാധിപൻ എന്ന നിലയിൽ സമൂഹം നിങ്ങളെ നോക്കിക്കൊണ്ടേയിരിക്കും. മറ്റ് പൗരന്മാർ ചെയ്യുമ്പോൾ ശരിയായി കാണുന്ന എല്ലാ കാര്യങ്ങളും ഒരു ജഡ്ജി ചെയ്യുമ്പോൾ സമൂഹം ശരിയായി കാണണമെന്നില്ല. അത് നിങ്ങൾ വിരമിച്ച ശേഷമാണെങ്കിൽ പോലും' -ചന്ദ്രചൂഢ് പറഞ്ഞു.
വിരമിച്ചതിന് ശേഷം ഒരു ജഡ്ജിയെടുക്കുന്ന തീരുമാനം ജഡ്ജിയായിരിക്കെ അവർ എടുത്ത തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നോയെന്ന് ജനങ്ങൾ വിലയിരുത്തുമെന്ന കാര്യം ഓരോ ന്യായാധിപരും ഓർക്കണം. ഒരു ജഡ്ജി വിരമിച്ചതിന് പിന്നാലെ രാഷ്ട്രീയത്തിൽ ചേരുകയാണെങ്കിൽ, ആളുകളിൽ അദ്ദേഹത്തിന്‍റെ ന്യായാധിപനെന്ന നിലയിലുള്ള പ്രവൃത്തികളെ ആ രാഷ്ട്രീയം സ്വാധീനിച്ചിരുന്നോയെന്ന സംശയമുണർത്തും. ഒരു റിട്ട. ജഡ്ജ് എന്തുതന്നെ ചെയ്യുകയാണെങ്കിലും അത് സമൂഹത്തിന് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസത്തിന് അനുസൃതമായിരിക്കണം. ഒരു പൗരനുള്ള എല്ലാ അവകാശങ്ങളും ഉള്ളവരാണ് ജഡ്ജിമാരെങ്കിലും സമൂഹം അവരിൽ നിന്ന് ഉന്നതമായ പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ട് -അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഢ് നവംബര്‍ 10നാണ് വിരമിച്ചത്. 51-ാമത് ചീഫ് ജസ്‌റ്റിസായി സഞ്ജീവ് ഖന്നയാണ് ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.