മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ 33,912 വോട്ടുകൾ കൂടുതലായി എണ്ണിയതായി റിപ്പോർട്ടുകൾ. 'ദി വയർ' ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മഹാരാഷ്ട്രയിലെ 288 നിയമസഭ മണ്ഡലങ്ങളിൽ 95 മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യത വേണമെന്ന ആവശ്യം അടിവരയിട്ടുപറയുന്നതാണ് വോട്ട് കണക്കിലെ അന്തരമെന്ന് റിപ്പോർട്ടിൽ പറയുന്നു.
(നേരത്തെ 280 മണ്ഡലങ്ങളിലായി 5,04,313 വോട്ടുകൾ അധികമായി എണ്ണിയെന്നായിരുന്നു 'ദി വയർ' റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, പോസ്റ്റൽ വോട്ടുകൾ കൂടാതെയാണ് ശതമാനക്കണക്ക് പുറത്തുവിട്ടതെന്നും അധികമായുള്ള വോട്ടുകൾ പോസ്റ്റൽ വോട്ടുകളാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിക്കുകയായിരുന്നു.)
തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്ക് പ്രകാരം 66.05 ശതമാനമാണ് അന്തിമ പോളിങ് നിരക്ക്. 6,40,88,195 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ 3,06,49,318 സ്ത്രീകളും 3,34,37,057 പുരുഷന്മാരും 1820 ഭിന്നലിംഗക്കാരുമാണ്. എന്നാൽ, എണ്ണിയ വോട്ടുകളുടെ അന്തിമ കണക്ക് 6,45,92,508 ആണെന്ന് 'ദി വയറി'ന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഇത് പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ട് കൂടുതലാണ്. തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിച്ചത് 5,38,225 വോട്ടുകൾ പോസ്റ്റൽ വോട്ടുകളാണെന്നും നേരത്തെ പുറത്തുവിട്ട കണക്കിൽ ഇത് ഉൾപ്പെട്ടിട്ടില്ലെന്നുമാണ്. ഇത് കൂടി കൂട്ടിയാലും ആകെ വോട്ടുകൾ 6,46,26,420 മാത്രമാണ് എത്തുക. ഇപ്പോഴും, പോൾ ചെയ്ത വോട്ടുകളേക്കാൾ 33,912 കൂടുതലാണ് എണ്ണിയ ആകെ വോട്ടുകൾ.
95ൽ 19 മണ്ഡലങ്ങളിൽ എണ്ണിയ വോട്ടുകൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലായപ്പോൾ, 76 മണ്ഡലങ്ങളിൽ എണ്ണിയ വോട്ടുകൾ ചെയ്ത വോട്ടുകളേക്കാൾ കുറവാണ്. ഇതിൽ ലോഹ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വ്യത്യാസം. ഇവിടെ 154 വോട്ടുകൾ കൂടുതലായി എണ്ണി. അതേസമയം, നിപാദ് മണ്ഡലത്തിലാകട്ടെ, ചെയ്തതിനെക്കാൾ 2587 വോട്ടുകൾ കുറവാണ് എണ്ണിയത്.
നേരത്തെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള വോട്ടുകളുടെ അന്തരം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ), വോട്ട് ഫോർ ഡെമോക്രസി (വി.എഫ്.ഡി) എന്നീ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ട് കണക്ക് രേഖപ്പെടുത്തുന്ന 17സി ഫോറം പോളിങ് നടന്ന് 48 മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ആർ സമർപ്പിച്ച ഹരജി അന്ന് സുപ്രീംകോടതി തള്ളുകയാണുണ്ടായത്. വോട്ടിങ് കഴിഞ്ഞ് വോട്ടുയന്ത്രം പെട്ടിയിലാക്കി മുദ്ര വെക്കുന്ന സമയത്ത് ഓരോ ബൂത്തിലും ആകെ ചെയ്ത വോട്ടുകൾ എത്രയെന്ന് എല്ലാ പാർട്ടികളുടെയും ബൂത്ത് ഏജന്റുമാർ നോക്കി സാക്ഷ്യപ്പെടുത്തി ഒപ്പിട്ടുനൽകുന്ന ഫോറമാണ് ‘17 സി’. ലോക്സഭ തെരഞ്ഞെടുപ്പിനിടെ ഈ കണക്കുകൾ പ്രസിദ്ധീകരിക്കുക പ്രായോഗിക ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്.
17 സി ഫോറം പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തെ അന്ന് തെരഞ്ഞെടുപ്പ് കമീഷനും എതിർത്തിരുന്നു. നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുകയും ഡാറ്റയുടെ ദുരുപയോഗത്തിന് കാരണമാവുകയും ചെയ്യുമെന്നായിരുന്നു കമീഷൻ വാദിച്ചത്.
വൻതോതിൽ വോട്ടുകളുടെ അന്തരമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടായെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ആരോപിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ 288ൽ 231 സീറ്റുമായി കൂറ്റൻ ജയമാണ് ബി.ജെ.പി സഖ്യമായ മഹായൂതി നേടിയത്. 145 സീറ്റുകളായിരുന്നു കേവല ഭൂരിപക്ഷം. കോൺഗ്രസും ഉദ്ധവ് പക്ഷവും ശരദ് പവാർ പക്ഷവും ചേർന്ന മഹാവികാസ് അഘാഡി (എം.വി.എ) പ്രതിപക്ഷ നേതൃ പദവിക്കു പോലും അർഹതയില്ലാത്ത വിധം 45 സീറ്റുകളിൽ ഒതുങ്ങി. 133 സീറ്റുമായി ബി.ജെ.പിയാണ് വലിയ ഒറ്റക്കക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.