ഇംഫാൽ: മെയ്തേയ് സമുദായത്തിൽപ്പെട്ട 55 കാരനെ കാണാതായതിനെത്തുടർന്ന് മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിന്റെ പ്രാന്തപ്രദേശങ്ങളിൽ സംഘർഷാവസ്ഥയെന്ന് റിപ്പോർട്ട്. ഇംഫാൽ വെസ്റ്റിലെ ലോയിതാങ് ഖുനൂ ഗ്രാമത്തിലെ താമസക്കാരനായ ലൈഷ്‌റാം കമൽബാബു സിങ് തിങ്കളാഴ്ച ഉച്ചയോടെ കാങ്‌പോക്പിയിലെ ലെയ്‌മഖോംഗ് സൈനിക ക്യാമ്പിലേക്ക് ജോലിക്ക് പോകാൻ വീട്ടിൽനിന്ന് പുറപ്പെട്ടതായിരുന്നു. അപ്പോൾ മുതൽ ഇയാളെ കാണാതായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും അവർ കൂട്ടിച്ചേർത്തു.
പൊലീസും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. ഇംഫാലിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ളതും കുക്കി ആധിപത്യമുള്ള പ്രദേശങ്ങളാൽ ചുറ്റപ്പെട്ടതുമായ ലെയ്‌മഖോംഗ് സൈനിക ക്യാമ്പിൽ ചെറിയ ജോലികൾ ചെയ്തുവരികയായിരുന്നു സിങ്. കഴിഞ്ഞ വർഷം മെയിൽ ആരംഭിച്ച വംശീയ കലാപത്തിന്റെ തുടക്കത്തിൽതന്നെ ലെയ്‌മഖോങ്ങിന് സമീപം താമസിച്ചിരുന്ന മെയ്‌തികൾ പ്രദേശം വിട്ടുപോയി.
അതേസമയം, സ്ഥിതിഗതികൾ വഷളാകുന്നത് തടയാൻ ലെയ്മ ഖോംഗിലേക്കുള്ള വഴിയിൽ നിരവധിപേരെ സുരക്ഷാ സേന തടഞ്ഞു. ഇതെ തുടർന്ന് ജനക്കൂട്ടം കല്ലുകൾ ഉപയോഗിച്ച് റോഡ് തടഞ്ഞു. അനുമതിയില്ലാതെ സിവിലിയൻ സഞ്ചാരം തടയാൻ ലെയ്‌മഖോങ്ങിലേക്കുള്ള റോഡ് ബാരിക്കേഡ് വെച്ചടച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏതാനും ദിവസം മുമ്പ് ജിരിബാമിലെ ക്യാമ്പിൽ നിന്നും സ്ത്രീകളും കുട്ടികളും അടക്കം ആറ് അന്തേവാസികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് സംസ്ഥാനത്തുടനീളം വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.