നോയ്ഡ: പിന്നാക്കക്കാരുടെയും സ്ത്രീകളുടെയും ജീവിത നിലവാരമുയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിക്ക് തുടക്കമായി. നോയ്ഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ദലിതരുടെയും ആദിവാസികളുടേയും ജീവിത നിലവാരം ഉയര്‍ത്തി അവര്‍ക്ക് വളരാനുള്ള അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഓരോ ബാങ്കും ഓരോ ദളിതനേയോ ആദിവാസിയെയോ സ്പോണ്‍സര്‍ ചെയ്യേണ്ടതുണ്ടെന്നും മോദി വ്യക്തമാക്കി. ദലിതര്‍, സ്ത്രീകള്‍, ആദിവാസികള്‍, പട്ടികജാതിക്കാര്‍ തുടങ്ങിയവര്‍ക്കിടയില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിയാണ് സ്റ്റാന്‍ഡ് അപ് ഇന്ത്യ.
സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി പ്രകാരം ദലിത് യുവജനങ്ങള്‍ക്ക് 10 ലക്ഷം മുതല്‍ ഒരു കോടി വരെ രൂപ ലോണ്‍ അനുവദിക്കും. ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലോണ്‍ നല്‍കുന്നത്. പദ്ധതിയിലൂടെ തൊഴിലന്വേഷകരെ തൊഴില്‍ദാതാക്കളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ മുദ്ര യോജന പ്രകാരം 5100 ഇ-റിക്ഷകളുടെ വിതരണോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ദലിത് വിഭാഗത്തെ കൈയിലെടുക്കാനുള്ള നീക്കവുമായി മോദി രംഗത്തുവന്നിരിക്കുന്നത്. നോയ്ഡയില്‍ പദ്ധതി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് പാര്‍ട്ടിയുടെ 18 ദലിത് എം.പിമാര്‍ പങ്കെടുക്കണമെന്ന് മോദി നിര്‍ദേശം നല്‍കിയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ നിര്‍ണായക ശക്തിയാണ് ദലിത് വിഭാഗക്കാര്‍. സംസ്ഥാനത്ത് 21 ശതമാനം പേരും ദലിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. നേരത്തെ ഡല്‍ഹിയില്‍ അംബേദ്കര്‍ സ്മാരകത്തിന് മോദി തറക്കല്ലിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.