കാലിക്കച്ചവടക്കാരെ കൊന്ന് കെട്ടിത്തൂക്കിയത് ഗോ സംരക്ഷണ സമിതിക്ക് വേണ്ടിയെന്ന് പ്രതികള്‍

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലെ ഗ്രാമത്തില്‍ കഴിഞ്ഞ മാസം കന്നുകാലി കച്ചവടക്കാരനെയും സഹായിയായ 12 വയസ്സുകാരനെയും കൊന്ന് കെട്ടിത്തൂക്കിയത് ഗോ സംരക്ഷണ സമിതിയുടെ തീരുമാനപ്രകാരമെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി. ഝബ്ബര്‍ ഗ്രാമത്തില്‍ മാര്‍ച്ച് 18ന് പുലര്‍ച്ചെ മജ്ലൂം അന്‍സാരി, സഹായിയായ സ്കൂള്‍ വിദ്യാര്‍ഥി ഇംതിയാസ് ഖാന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളുടെ മൊഴിയാണ് മോഷണശ്രമത്തിനിടെ നടന്ന കൊലയാണെന്ന അധികൃതരുടെ പ്രചാരണത്തിന് കടകവിരുദ്ധമായത്.  
കേസില്‍ അഞ്ചു പ്രതികളെ പൊലീസ് 24 മണിക്കൂറിനകം പിടികൂടിയിരുന്നു. മൂന്നുപേര്‍ കീഴടങ്ങുകയും ചെയ്തു. പ്രതികളായ മനോജ്കുമാര്‍ സാഹു, മിഥിലേഷ് പ്രസാദ് സാഹു, പ്രമോദ്കുമാര്‍ സാഹു, മനോജ് സാഹു, അവ്ദേശ് സാഹു എന്നിവര്‍ നല്‍കിയ കുറ്റസമ്മതമൊഴിയില്‍ ബജ്റംഗ്ദള്‍ നേതാവ് അരുണ്‍ സാഹുവാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പറയുന്നു. ഗോരക്ഷാ സമിതി തന്നിലേല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്ന് മിഥിലേഷ് സാഹു മൊഴിയില്‍ വ്യക്തമാക്കുന്നു. അരുണ്‍, മനോജ്, പ്രമോദ്, സഹ്ദേവ് എന്നിവര്‍ ചേര്‍ന്നാണ് കൊല നിര്‍വഹിച്ചത്. മിഥിലേഷ്, അവ്ദേശ്, മനോജ്കുമാര്‍ സാഹു, വിശാല്‍ എന്നിവര്‍ കൊല്ലപ്പെട്ടവരില്‍നിന്ന് പിടിച്ചെടുത്ത കന്നുകാലികളെ ‘രക്ഷപ്പെടുത്തി.’ പ്രദേശത്തെ ഇറച്ചി കച്ചവടക്കാരുമായി ഉടലെടുത്ത ശത്രുതയത്തെുടര്‍ന്ന് അവരെ പാഠംപഠിപ്പിക്കാനുദ്ദേശിച്ചാണ് ഗോ സംരക്ഷണ സേനക്ക് രൂപംനല്‍കിയതെന്നും മൊഴികളിലുണ്ട്. മജ്ലൂമും ഇംതിയാസും എട്ടു മൂരിക്കുട്ടന്മാരുമായി പോകുന്നത് കണ്ട് മൊബൈല്‍ വഴി വിളിച്ചറിയിച്ചാണ് സംഘം പിന്തുടര്‍ന്നതുംകൃത്യം നടപ്പാക്കിയതും.
ബലൂമത്തിലെ ഇറച്ചിക്കാര്‍ക്ക് ഉരുക്കളെ വിതരണം ചെയ്യുന്നവരായതിനാല്‍ വെറുതെ വിടരുതെന്ന് തീരുമാനിച്ചാണ് കൊല നടത്തിയത്.
ഇരുവരെയും മര്‍ദിച്ച ശേഷം മരത്തില്‍ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. ബജ്റംഗ്ദള്‍ നേതാവും നിരവധി അക്രമസംഭവങ്ങളില്‍ ആരോപിതനുമായ അരുണ്‍ സാഹു കച്ചവടത്തില്‍നിന്ന് പിന്മാറാനാവശ്യപ്പെട്ട് കൊല്ലപ്പെട്ട മജ്ലൂമിനെ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.