പാമോലിൻ കേസ്; ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി

ന്യൂഡൽഹി: പാമോലിൻ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹരജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രീം കോടതി. ഹരജികൾ ക്രിസ്‌തുമസ് അവധിക്കുശേഷം പരിഗണിക്കും. കേസിൽ വിചാരണ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ എം.എം സുന്ദരേശ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചത്. കേസ് പരിഗണിക്കുന്നത് ഇനി മാറ്റില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

മുൻ മുഖ്യ വിജിലൻസ് കമിഷണർ പി.ജെ തോമസ്, കോൺഗ്രസ് നേതാവ് ടി.എച്ച് മുസ്‌തഫ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ നൽകിയ ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. മുസ്‌തഫ മരണപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ ഹരജി കോടതി രേഖകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

മുതിർന്ന അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടി ഹരജി പരിഗണിക്കുന്നത് മാറ്റണമെന്ന് പി.ജെ തോമസിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഒരു പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലുള്ള ഹരജി വീണ്ടും മാറ്റുന്നതിൽ കോടതി അതൃപ്‌തി അറിയിച്ചു.

1991-92 കാലഘട്ടത്തിൽ കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം. പവർ ആൻഡ്‌ എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയിൽ ഇറക്കുമതി ചെയ്തതിൽ അഴിമതികൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്. 15,000 ടൺ പാമോയിൽ ഇറക്കുമതി ചെയ്തതിലാണ് അഴിമതി ആരോപിക്കപ്പെട്ടത്. ഈ ഇടപാടിൽ സർക്കാർ ഖജനാവിന് 2.8 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നതാണ് കെ. കരുണാകരൻ അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം.

Tags:    
News Summary - Palmolin case; Supreme Court again postpones hearing of petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.