ഭോപാല്‍: ജഡ്ജിമാര്‍ അധികാരപരിധി ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അധികാരം ഉപയോഗിക്കുമ്പോള്‍ സന്തുലനാവസ്ഥ ഉറപ്പുവരുത്തണം. ഇതിനെതിരായി നീങ്ങാന്‍ സമ്മര്‍ദമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കാന്‍ കഴിയണമെന്നും ഭോപാലിലെ നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ സുപ്രീംകോടതി ജഡ്ജിമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ഭരണഘടനയാണ് സര്‍വാധികാരി. സ്വന്തം അധികാരപരിധിക്കുള്ളില്‍നിന്നു വേണം ജനാധിപത്യത്തിന്‍െറ ഓരോഘടകവും പ്രവര്‍ത്തിക്കേണ്ടത്. മറ്റുള്ളവയുടെ അധികാരപരിധിയിലേക്ക് കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജുഡീഷ്യല്‍ ആക്ടിവിസം ഒരിക്കലും വിവിധ അധികാരകേന്ദ്രങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാവരുതെന്നും രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനയില്‍ അധികാരം വിഭജിച്ചുനല്‍കിയിരിക്കുന്നതിനെ ബാധിക്കുന്നതരത്തിലേക്ക് ജുഡീഷ്യല്‍ ആക്ടിവിസം നീങ്ങരുത്. ജനാധിപത്യത്തിന്‍െറ മൂന്നുതൂണുകളായ നിയമനിര്‍മാണസഭ, ഭരണനിര്‍വഹണ വിഭാഗം, നീതിന്യായവ്യവസ്ഥ എന്നിവയുടെ തുല്യമായ അധികാരവികേന്ദ്രീകരണമാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്. നിയമനിര്‍മാണസഭയും ഭരണനിര്‍വഹണ വിഭാഗവും പ്രയോഗിക്കുന്ന അധികാരങ്ങള്‍ ജുഡീഷ്യറിയുടെ പരിഗണനക്ക് വിധേയമാകും. എന്നാല്‍, സ്വയമേയുള്ള അച്ചടക്കവും വിട്ടുനില്‍ക്കലുമാണ് ജുഡീഷ്യറിയുടെ ഏക അധികാരപരിധി നിശ്ചയിക്കുന്നത്. രാജ്യത്ത് ഒരാള്‍ക്കും നീതി ലഭ്യമാകാതെ പോകരുത്.
നീതി വൈകിക്കുന്നത് നീതിനിഷേധംതന്നെയാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. മൂന്നു കോടിയോളം കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത്. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ഷം കഴിയുന്തോറും കുറവു വരുന്നുണ്ട്. രാജ്യത്തെ ഹൈകോടതികളില്‍ ആവശ്യമുള്ളതിന്‍െറ 60 ശതമാനം ജഡ്ജിമാര്‍ മാത്രമേയുള്ളൂവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഒഴിവുകള്‍ നികത്താനുള്ള സുപ്രീകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നടപടികളെ പ്രണബ് മുഖര്‍ജി പ്രശംസിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, നിയമ മന്ത്രി ഡി.വി. സദാനന്ദ ഗൗഡ, മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് എ.എം. ഖന്‍വില്‍കര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.