ഹന്ദ്വാര പ്രക്ഷോഭം: കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

ശ്രീനഗര്‍: ഹന്ദ്വാരയില്‍ പെണ്‍കുട്ടിയെ സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അഞ്ചു ദിവസമായി തുടരുന്ന പ്രക്ഷോഭം രൂക്ഷമായതോടെ കോടതിയും കേന്ദ്രവും ഇടപെടുന്നു. സൈന്യത്തിന്‍െറ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടതോടെ കര്‍ഫ്യൂവും മറ്റു നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുമുണ്ട്. 3600 അര്‍ധസൈനികരെയാണ് കശ്മീരിലേക്ക് അയക്കുന്നത്. സമാധാനശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ഇനിയൊരു മരണം അനുവദിക്കരുതെന്നും കേന്ദ്രം കശ്മീര്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചു. കശ്മീര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ തീരുമാനമായത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി രത്തന്‍ പി. വത്തലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര, പ്രതിരോധ വകുപ്പ് പ്രതിനിധികളും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പെണ്‍കുട്ടിയെ പൊലീസ് തടവില്‍വെച്ചിരിക്കുന്ന നടപടിയെ കശ്മീര്‍ ഹൈകോടതി ചോദ്യംചെയ്തു. ഏത് നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ തടവില്‍വെച്ചിരിക്കുന്നതെന്ന് ഞായറാഴ്ച കോടതിയെ അറിയിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. മകളെയും രണ്ടു ബന്ധുക്കളെയും പൊലീസ് അന്യായമായി തടവില്‍വെച്ചിരിക്കുകയാണെന്നും അവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതിനിര്‍ദേശം. പെണ്‍കുട്ടിയെ മൊഴി രേഖപ്പെടുത്തുന്നതിനായി ഹന്ദ്വാരയിലെ ചീഫ് ജുഡീഷ്യല്‍ മജീസ്ട്രേറ്റിന്‍െറ മുന്നില്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിന്‍െറ തുടര്‍വിചാരണ 20ന് നടക്കും.ഹന്ദ്വാരയില്‍ നാട്ടുകാര്‍ സൈന്യത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെപ്പില്‍ ചൊവ്വാഴ്ച നാലുപേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച നത്നുസ ഗ്രാമത്തിലുള്ള സൈനികകേന്ദ്രത്തിലേക്ക് പ്രകടനം നടത്തിയ നാട്ടുകാര്‍ക്കു നേരെയുണ്ടായ വെടിവെപ്പില്‍ ഒരാളും കുപ്വാരയില്‍ 18കാരനും മരിച്ചിരുന്നു.
 പീഡിപ്പിച്ചെന്ന ആരോപണം നിഷേധിക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ നിര്‍ബന്ധിച്ച് എടുപ്പിച്ചതാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായും അവര്‍ പറഞ്ഞു. 16കാരിയായ തന്‍െറ മകളെ നിര്‍ബന്ധിച്ചാണ് പൊലീസ് പ്രസ്താവനയെടുപ്പിച്ചതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ഇതിനിടെ, കശ്മീരിലെ മനുഷ്യാവകാശസംഘടന സിവില്‍ സൊസൈറ്റി സഖ്യം പെണ്‍കുട്ടിയുടെ കുടുംബത്തിന്‍െറ വാര്‍ത്താസമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പൊലീസ് അനുവാദം നല്‍കിയില്ല.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.