കേന്ദ്ര മന്ത്രിമാര്‍ കെറിയുമായി ചര്‍ച്ചനടത്തി

ന്യൂയോര്‍ക്: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള പാരിസ് ഉടമ്പടി ഒപ്പുവെച്ചതിനു പിന്നാലെ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍, ഊര്‍ജമന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ യു.എസ് വിദേശകാര്യമന്ത്രി ജോണ്‍ കെറിയുമായി ചര്‍ച്ചനടത്തി. പ്രധാന സാമ്പത്തിക രാഷ്ട്രങ്ങള്‍ എന്ന നിലക്ക് കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ വിഷയങ്ങളില്‍ എങ്ങനെ ഇന്ത്യക്കും യു.എസിനും ഒരുമിച്ചു പ്രവര്‍ത്തിക്കാം എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ചര്‍ച്ചചെയ്തത്. മേജര്‍ ഇകണോമിക് ഫോറത്തിന്‍െറ യോഗം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍കൂടിയായിരുന്നു യോഗം.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം നടപ്പാക്കിയ 26 പുതിയ പദ്ധതികള്‍ ഉള്‍പ്പെടെ സുസ്ഥിര വികസനത്തിനും കാലാവസ്ഥാ വ്യതിയാനം കൈകാര്യംചെയ്യുന്നതിനും ഇന്ത്യ സ്വീകരിച്ച വിവിധ നടപടികളും മന്ത്രിമാര്‍ ജോണ്‍ കെറിക്ക് വിവരിച്ചുകൊടുത്തു. കഴിഞ്ഞ ദിവസം ഇന്ത്യക്കുവേണ്ടി പാരിസ് ഉടമ്പടി ഒപ്പുവെച്ചത് പ്രകാശ് ജാവ്ദേക്കറായിരുന്നു.
അന്താരാഷ്ട്ര സോളാര്‍ സഖ്യത്തിന്‍െറ യോഗത്തില്‍ ഫ്രഞ്ച് സുസ്ഥിര വികസന ഊര്‍ജ മന്ത്രി സെഗോളിന്‍ റോയലിനൊപ്പം അധ്യക്ഷത വഹിച്ചത് പിയൂഷ് ഗോയലാണ്.
പാരിസ് ഉടമ്പടി കഴിഞ്ഞ ഡിസംബറില്‍ അംഗീകരിച്ചശേഷം കല്‍ക്കരി ഉല്‍പാദനത്തിന് ടണ്ണിന് അഞ്ചു ഡോളര്‍ എന്ന നിരക്കില്‍ നികുതി ഏര്‍പ്പെടുത്തിയതുള്‍പ്പെടെ പരമ്പരാഗത ഊര്‍ജ ഉപഭോഗം നിരുത്സാഹപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.