ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: രഘുറാം രാജന്‍ വിരമിക്കുന്ന ഒഴിവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഊര്‍ജിത് ആര്‍. പട്ടേലിനെ നിയമിച്ചു. റിസര്‍വ് ബാങ്കിന്‍െറ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളാണ് 52കാരനായ പട്ടേല്‍. മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ഒടുവിലാണ് കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതി തീരുമാനം പ്രഖ്യാപിച്ചത്. 2013 മുതല്‍ റിസര്‍വ് ബാങ്കിന്‍െറ ധനനയ വിഭാഗത്തിന്‍െറ ചുമതലയുമായി ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്ത് രണ്ടാമൂഴത്തിലായിരുന്നു ഊര്‍ജിത് പട്ടേല്‍. നാണയപ്പെരുപ്പം കണക്കാക്കുന്നതിന്‍െറ അടിസ്ഥാന ഘടകം മൊത്തവ്യാപാര വില സൂചികയില്‍നിന്ന് ഉപഭോക്തൃ വിലസൂചികയാക്കിയ നിര്‍ണായക മാറ്റം ഊര്‍ജിത് പട്ടേല്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു. രഘുറാം രാജന്‍െറ അടുത്ത സഹായിയെന്ന നിലയിലാണ് പട്ടേല്‍ അറിയപ്പെട്ടത്. റിസര്‍വ് ബാങ്കിന്‍െറ 24ാം ഗവര്‍ണറാണ് ഊര്‍ജിത് പട്ടേല്‍. സെപ്റ്റംബര്‍ നാലിന് പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കും. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് ബി.എയും ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് എം.ഫിലും യേല്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്.ഡിയും നേടിയ സാമ്പത്തിക വിദഗ്ധനാണ് ഗുജറാത്ത് സ്വദേശിയായ ഊര്‍ജിത് പട്ടേല്‍.

റിസര്‍വ് ബാങ്കിലത്തെുന്നതിനു മുമ്പ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പില്‍ ഊര്‍ജ-അടിസ്ഥാന സൗകര്യ വിഭാഗം ഉപദേശകനായിരുന്നു. 1990 മുതല്‍ അഞ്ചു വര്‍ഷം രാജ്യാന്തര നാണയനിധിയായ ഐ.എം.എഫില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഐ.എം.എഫ് ഡെപ്യൂട്ടേഷനില്‍ റിസര്‍വ് ബാങ്കിലത്തെി. പെന്‍ഷന്‍, ബാങ്കിങ് മേഖലാ പരിഷ്കരണം, വായ്പാ വിപണി തുടങ്ങിയ വിഷയങ്ങളില്‍ ഉപദേശം നല്‍കുകയായിരുന്നു ചുമതല. വാജ്പേയി സര്‍ക്കാറിന്‍െറ കാലത്ത് ധനമന്ത്രാലയത്തില്‍ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബിസിനസ് ഡെവലപ്മെന്‍റ് വിഭാഗം പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷനില്‍ ബോര്‍ഡ് അംഗമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.