ഭക്ഷ്യവസ്തു പാക്കറ്റില്‍ വിവരങ്ങള്‍ വലുതായി ചേര്‍ക്കണം ലീഗല്‍ മെട്രോളജി

ന്യൂഡല്‍ഹി:  വിപണിയിലത്തെുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ പാക്കറ്റുകളില്‍ ഉപഭോക്താക്കള്‍ക്ക് വായിക്കാന്‍ കഴിയും വിധം വ്യക്തമായും വലുപ്പത്തിലും രേഖപ്പെടുത്തണമെന്നതടക്കം നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. പാക്കേജിങ് ചട്ടങ്ങളില്‍ ഇതിനായി ഭേദഗതികള്‍ കൊണ്ടുവരും. കൂടുതല്‍ സുരക്ഷക്കായി ബാര്‍ക്കോഡും ഉണ്ടാകണം. ഉപഭോക്തൃകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പൊതുജനങ്ങളുടെയും വ്യവസായികളുടെയും അഭിപ്രായങ്ങള്‍ മാനിച്ചാണ് 2011ലെ ലീഗല്‍ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) ചട്ടങ്ങളില്‍ ഭേദഗതി നിര്‍ദേശിച്ചതെന്ന് ഒൗദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

ചട്ടം ഏഴ് പ്രകാരം പാക്കറ്റുകളില്‍ വിവരങ്ങള്‍ അച്ചടിക്കുന്നത് സംബന്ധിച്ച്  നിര്‍ദേശമുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. അക്ഷരങ്ങളുടെ വലുപ്പം കുറച്ചാണ് പല കമ്പനികളും അച്ചടിക്കുന്നത്. ചെറിയ പാക്കറ്റുകളില്‍ തീരെ ചെറിയ അക്ഷരങ്ങളിലാണ് വിവരങ്ങള്‍.  അമേരിക്കയില്‍ ഉള്ളതുപോലെ അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റും വിധം വലുതായി ചേര്‍ക്കാനാണ് പുതിയ തീരുമാനം. സ്ഥാപനത്തിന്‍െറ പേര്, വിലാസം, തൂക്കം, തീയതി, ചില്ലറ വില്‍പന വില തുടങ്ങിയവ ഇപ്പോള്‍ ഒരു മില്ലി മീറ്ററിലും താഴെ വലുപ്പത്തിലാണ് പാക്കറ്റുകളില്‍ അച്ചടിക്കുന്നത്. ഇത് 1.5 മില്ലി മീറ്ററെങ്കിലും വലുപ്പത്തില്‍ 200 ഗ്രാം പാക്കറ്റില്‍ വേണം. 200 ഗ്രാം മുതല്‍ 500 ഗ്രാം വരെയുള്ള പാക്കറ്റുകളില്‍ രണ്ട്-നാല് മി. മീറ്റര്‍ അക്ഷരത്തിന് വലുപ്പം വേണം. 500 ഗ്രാമിന് മുകളില്‍ അക്ഷരത്തിന്‍െറ വലുപ്പം എട്ട് മി.മീറ്റര്‍ ആക്കും. ബാര്‍കോഡ് ഏര്‍പ്പെടുത്തുന്നതോടെ  വ്യാജനെ തിരിച്ചറിയാനുമാവും.

ചില്ലറ വില്‍പനക്കായി പാക്കറ്റില്‍ ഇറക്കുന്ന മിക്ക ഭക്ഷ്യവസ്തുക്കളുടെ തൂക്കം ഇപ്പോള്‍ പരമാവധി 25 കിലോ അല്ളെങ്കില്‍ 25 ലിറ്ററാണ്. ഇവ ഉപഭോക്താക്കള്‍ക്ക് വില കുറച്ചു കിട്ടാനായി അരി, ആട്ട തുടങ്ങിയവയുടേത് പരമാവധി 50 കിലോ വരെയാക്കാനും നിര്‍ദേശമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.