സ്​കോർപ്പിൻ മുങ്ങികപ്പൽ : നിര്‍ണായക രഹസ്യം ചോര്‍ന്നിട്ടില്ലെന്ന്​ നാവിക സേന

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്കോര്‍പീന്‍ ക്ളാസ് മുങ്ങിക്കപ്പല്‍ സംബന്ധിച്ച നിര്‍ണായക രഹസ്യങ്ങളൊന്നും ചോര്‍ന്നിട്ടില്ളെന്ന് നാവിക സേന. ‘ദി ആസ്ട്രേല്യന്‍’ പത്രം  പുറത്തുവിട്ട രേഖകള്‍ നാവിക സേനയിലെ വിദഗ്ധര്‍ പരിശോധിച്ചു. സുപ്രധാന രഹസ്യങ്ങളാന്നും അവയിലില്ല.  ചോര്‍ന്ന രേഖകള്‍ പുറത്തുപോയത് ഇന്ത്യയില്‍ നിന്നല്ളെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നും നാവിക സേന പത്രക്കുറിപ്പില്‍ പറഞ്ഞു.

രേഖകള്‍ ചോര്‍ന്നതല്ളെന്നും മോഷ്ടിക്കപ്പെട്ടതാണെന്നുമാണ് ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കുന്ന വിവരം. മുങ്ങിക്കപ്പലിന്‍െറ നിര്‍മാണ പങ്കാളിയായ ഫ്രഞ്ച് കമ്പനി ഡി.സി.എന്‍.എസിന്‍െറ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല. കമ്പനിയുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ മാന്യത കാണിച്ചില്ല. സ്കോര്‍പീന്‍ കപ്പല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് നിയോഗിക്കപ്പെട്ട ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥനെയാണ് സംശയിക്കുന്നതെന്നും ഫ്രഞ്ച് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്കോര്‍പീന്‍ മുങ്ങിക്കപ്പല്‍ രഹസ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യ മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്തു. നിര്‍മാണ പങ്കാളിയായ ഫ്രഞ്ച് കമ്പനി ഡി.സി.എന്‍.എസില്‍ നിന്നാണ് രഹസ്യം ചോര്‍ന്നത് എന്നാണ് നാവിക സേനയുടെ വിലയിരുത്തല്‍. അതിനാല്‍, ഇക്കാര്യത്തില്‍  ഇന്ത്യയുടെ ആശങ്ക  ഫ്രാന്‍സുമായി നയതന്ത്രതലത്തില്‍ ഉന്നയിക്കാന്‍ ഉപസമിതി തീരുമാനിച്ചു. ചോര്‍ച്ച സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നും അന്വേഷണത്തിലെ കണ്ടത്തെലുകള്‍  പങ്കുവെക്കണമെന്നും ഇന്ത്യ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടു.  ചോര്‍ന്ന രേഖകള്‍ 2011ലേതാണെന്ന് നാവികസേനയുടെ പത്രക്കുറിപ്പില്‍ പറയുന്നു. 2011ന്  ശേഷം മുങ്ങിക്കപ്പലിന്‍െറ രൂപകല്‍പനയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിനാല്‍, പഴയ രേഖകള്‍ പുറത്തുവന്നതുകൊണ്ട്  കാര്യമായ സുരക്ഷാ ഭീഷണിയില്ളെന്നും പത്രക്കുറിപ്പ് തുടര്‍ന്നു. അതേസമയം, ചോര്‍ന്ന വിവരങ്ങളുടെ വ്യാപ്തിയും പ്രത്യാഘാതങ്ങളും വിലയിരുത്താന്‍ നാവിക സേന ഉന്നതതല സമിതിയെ നിയോഗിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.