സ്കോര്‍പീന്‍ അന്തര്‍വാഹിനി: ഇനി വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ആസ്ട്രേലിയന്‍ പത്രം

മെല്‍ബണ്‍: ഇന്ത്യയുടെ സ്കോര്‍പീന്‍ ക്ളാസ് അന്തര്‍വാഹിനിയിലെ ആയുധ സന്നാഹങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കില്ളെന്ന് ‘ദി ആസ്ട്രേല്യന്‍’ ദിനപത്രം അറിയിച്ചു.
ആസ്ട്രേലിയയിലെ ന്യൂ സൗത് വെയില്‍സ് സംസ്ഥാനത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പത്രത്തിന്‍െറ തീരുമാനം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ‘ദി ആസ്ട്രേലിയ’യുടെ അസോസിയേറ്റ് എഡിറ്റര്‍ കാമറണ്‍ സ്റ്റുവര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്.
ഫ്രാന്‍സിന്‍െറ പ്രതിരോധ സ്ഥാപനമായ ഡി.സി.എന്‍.എസിന്‍െറ ഹരജിയിലാണ് കോടതി വിവരങ്ങള്‍ പുറത്തുവിടുന്നത് താല്‍കാലികമായി തടഞ്ഞത്. വ്യാഴാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നതുവരെയാണ് വിലക്കുള്ളത്. അന്തര്‍വാഹിനിയെ സംബന്ധിച്ച വിവരങ്ങള്‍ പുതിയതായി പ്രസിദ്ധീകരിക്കരുതെന്നും നിലവില്‍ പ്രസിദ്ധീകരിച്ചവ പത്രത്തിന്‍െറ വെബ്സൈറ്റില്‍നിന്ന് നീക്കം ചെയ്യുമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കൂടാതെ ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ ഡി.സി.എന്‍.എസിന് കൈമാറണമെന്നും കോടതി ഉത്തരവിലുണ്ട്. മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള 22,000 പേജുകള്‍ ചോര്‍ന്നു കിട്ടിയെന്നാണ് ‘ദി ആസ്ട്രേല്യന്‍’ ദിനപത്രം അവകാശപ്പെടുന്നത്. വിവരങ്ങള്‍ ചോര്‍ന്നത് വലിയ വാര്‍ത്തയായത് കമ്പനിയുടെ അന്തരാഷ്ട്ര തലത്തിലുള്ള സല്‍പേരിനെ ബാധിച്ചതായി  ഡി.സി.എന്‍.എസ് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിക്കുന്ന ആറ് മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തന മാര്‍ഗരേഖയുടെ 22,400ല്‍പരം പേജുകളാണ് ‘ദി ആസ്ട്രേലിയന്‍’ പത്രം സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്.
ചോര്‍ച്ചയുടെ ഗൗരവം മുന്‍നിര്‍ത്തി നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഫ്രാന്‍സിന്‍െറ ദേശീയ സുരക്ഷാ അതോറിറ്റിയും അന്വേഷണം തുടങ്ങി
യിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.