മെഡിക്കല്‍ സീറ്റ്: കര്‍ണാടകയിലെ അപേക്ഷകരില്‍ കൂടുതലും മലയാളികള്‍

ബംഗളൂരു: നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികളില്‍ കര്‍ണാടകയിലെ സ്വകാര്യ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ പ്രവേശത്തിന് അപേക്ഷ നല്‍കിയവരിലേറെയും മലയാളികള്‍. മെഡിക്കല്‍, എന്‍ജിനീയറിങ്, ഡെന്‍റല്‍ കോളജുകളുടെ കൂട്ടായ്മയായ ‘കോമെഡ്കെ‘ക്ക് കീഴില്‍ വരുന്ന കോളജുകളിലെ പ്രവേശത്തിന് 46,299 അപേക്ഷകരാണുള്ളത്. ഇതില്‍ 7287 പേരും കേരളത്തില്‍നിന്നുള്ളവരാണ്. കര്‍ണാടകയില്‍നിന്ന് 6498 അപേക്ഷകര്‍ മാത്രമുള്ളപ്പോഴാണിത്. ഉത്തര്‍പ്രദേശ് -3979, രാജസ്ഥാന്‍ -3103, മഹാരാഷ്ട്ര -2971, ആന്ധ്രപ്രദേശ്-തെലങ്കാന -2942, ബിഹാര്‍ -2707, ഹരിയാന -2440, ഡല്‍ഹി -2245, തമിഴ്നാട് -2175 എന്നിങ്ങനെയാണ് മറ്റു അപേക്ഷകര്‍. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെനിന്ന് 9952 അപേക്ഷകരുമുണ്ട്. അപേക്ഷകരില്‍ 27,149ഉം പെണ്‍കുട്ടികളാണ്.
കോമെഡ്കെക്ക് കീഴിലെ 13 കോളജുകളില്‍ 688 എം.ബി.ബി.എസ് സീറ്റുകളും 23 കോളജുകളിലായി 693 ബി.ഡി.എസ് സീറ്റുകളുമാണുള്ളത്. നീറ്റ് അടിസ്ഥാനത്തിലുള്ള റാങ്കുകള്‍ സെപ്റ്റംബര്‍ ആറിന് കോമെഡ്കെ പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ എട്ടു മുതല്‍ 10 വരെയാകും കൗണ്‍സലിങ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റാങ്കുകളും കട്ട്ഓഫ് മാര്‍ക്കുകളും കോമെഡ്കെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1972 മുതല്‍ 2802 വരെയാണ് ഈ കാലഘട്ടത്തിലെ കട്ടോഫ് റാങ്ക്.
4,09,477 വിദ്യാര്‍ഥികളാണ് രണ്ടു ഘട്ടങ്ങളിലായി നടന്ന നീറ്റ് പരീക്ഷയില്‍ മെഡിക്കല്‍ പ്രവേശത്തിന് യോഗ്യത നേടിയത്. ഇതില്‍ 1,71,329 പേര്‍ ജനറല്‍ മെറിറ്റിലുള്ളവരാണ്. കര്‍ണാടകയിലെ സ്വകാര്യ കോളജുകളില്‍ 1381 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശം ലഭിക്കുക. ഇതിന് പുറമെ സര്‍ക്കാര്‍ കോളജുകളിലും സീറ്റ് ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.