'ബീഫില്ലാതെ ജീവിക്കാൻ കഴിയാത്തവർ ഹരിയാനയിലേക്ക് വരേണ്ടതില്ല'

അംബാല: ബീഫ് ഭക്ഷിക്കാതെ ജീവിക്കാന്‍ കഴിയാത്തവർ ഹരിയാനയിലേക്ക് വരേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി അനില്‍ വിജ്.നമ്മുടെ ഭക്ഷണ രീതികളോട് പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാൽ ചില രാജ്യങ്ങള്‍ സന്ദര്‍ശിക്കാറില്ല. ഇതും അങ്ങനെ കണ്ടാല്‍ മതിയെന്നും അനില്‍ വിജ് വിശദീകരിച്ചു. ഗോവധത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുള്ള സംസ്ഥാനമാണ് ഹരിയാന വിദേശികള്‍ക്കും ബീഫ് നിരോധനത്തില്‍ യാതൊരു ഇളവും നല്‍കുകയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനം സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് പശുവിറച്ചി കഴിക്കാന്‍ യാതൊരു ഇളവുകളും നല്‍കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജ് പറഞ്ഞു. പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അനില്‍ വിജ് കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയിരുന്നു. ഇതിനായി ഒരു ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേയും അദ്ദേഹം നടത്തിയിരുന്നു.

അതേസമയം, ഹരിയാനയില്‍ വിദേശികള്‍ക്ക് ബീഫ് കഴിക്കാന്‍ പ്രത്യേക അനുമതി നല്‍കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. നിരവധി ഓട്ടോമൊബൈല്‍, സോഫ്റ്റ് വെയര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ വിദേശരാജ്യങ്ങളില്‍നിന്ന് അനവധിയാളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇഷ്ടഭക്ഷണം കഴിക്കാന്‍ ഭയപ്പെടേണ്ട അവസ്ഥയാണെന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ കമ്പനികള്‍ ഇക്കാര്യം സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഈയിടെ നിക്ഷേപസമാഹരണം മുന്നില്‍ക്കണ്ട് ജപ്പാന്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനോട് വ്യവസായം പ്രവര്‍ത്തിക്കാന്‍ ഉതകുന്ന സാമൂഹിക അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന് ചില പ്രധാന കമ്പനികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.