ന്യൂഡല്‍ഹി: 2036ലെ ഒളിമ്പിക്സ്, പാരലിമ്പിക്സ് ഗെയിംസിന് വേദിയാകാനുള്ള ആദ്യ ഔദ്യോഗിക ചുവടുവെപ്പായി ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി)ക്ക് ഇന്ത്യ കത്തയച്ചു. ഒക്ടോബർ ഒന്നിന് ഐ.ഒ.സിയുടെ ഫ്യൂച്ചർ ഹോസ്റ്റ് കമീഷനാണ് താൽപര്യപത്രം അയച്ചതെന്ന് കായിക മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ഒളിമ്പിക്സിന് വേദിയാവുന്നതിലൂടെ സാമ്പത്തിക, സാമൂഹിക പുരോഗതിയും യുവാക്കള്‍ക്കുണ്ടാകുന്ന അവസരങ്ങളുമാണ് രാജ്യം കണക്കിലെടുക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഒളിമ്പിക്സിന് വേദിയാകാൻ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് പലപ്രാവശ്യം പറഞ്ഞിരുന്നു. കുറച്ചുമുമ്പ് മുംബൈയില്‍ നടന്ന ഐ.ഒ.സി സെഷന്റെ ഉദ്ഘാടന ചടങ്ങിലും ഇക്കാര്യം അറിയിച്ചു. തുടർനടപടിയായാണ് ഔദ്യോഗികമായി ഇപ്പോൾ കത്തയച്ചത്. 2036ലെ വേദിയുടെ കാര്യത്തിൽ മൂന്നുവർഷത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും.
ഇന്ത്യക്കുപുറമേ സൗദി അറേബ്യ, ഖത്തർ, തുർക്കി, മെക്സിക്കോ, ഇന്തോനേഷ്യ, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും വേദിക്കായി രംഗത്തുണ്ട്. 2032ലെ ഒളിമ്പിക്സ് വരെയുള്ള വേദികൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2028ലെ ഒളിമ്പിക്സിന് അമേരിക്കയിലെ ലോസ് ആഞ്ജല സും 2032ൽ ആസ്ട്രേലിയയിലെ ബ്രിസ്ബെയിനുമാണ് ആതിഥേയരാവുക.2036ലെ ഒളിമ്പിക്സ് നഗരമാകാൻ അഹ്മദാബാദിനെയാണ് രാജ്യം മുന്നിൽ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.