ജെ.എന്‍.യു: കൂടുതല്‍ പേരെ നോട്ടമിട്ട് പൊലീസ്

ന്യൂഡല്‍ഹി: വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന് പിന്നാലെ ദേശദ്രോഹവും ഗൂഢാലോചനയും ആരോപിച്ച്  ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു)യിലെ കൂടുതല്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് ഒരുങ്ങുന്നു. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്‍െറ വാര്‍ഷികദിനത്തില്‍ കാമ്പസില്‍ നടന്ന പരിപാടിയുമായി ബന്ധമുള്ള അഞ്ച് വിദ്യാര്‍ഥികളെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കമീഷണര്‍ വൈസ് ചാന്‍സലര്‍ക്ക് കത്തുനല്‍കി. ഏഴ് വിദ്യാര്‍ഥികളെ കാമ്പസില്‍നിന്ന് അന്വേഷണങ്ങളുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. ഇവര്‍ പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.

അതിനിടെ, കനയ്യ കുമാറിന്‍െറ അറസ്റ്റില്‍ പ്രതിഷേധിച്ച ഏഴ് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാജ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കിയെന്നാണ് വിവിധ ഇടതുവിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കെതിരായ മുഖ്യആരോപണം. എ.ബി.വി.പി പ്രവര്‍ത്തകര്‍ നല്‍കിയ വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധിയും കെജ്രിവാളും ഉള്‍പ്പെടെ പ്രമുഖനേതാക്കളും രംഗത്തിറങ്ങി. മോദി സര്‍ക്കാര്‍ ജെ.എന്‍.യുവില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ രാജ്യസഭാംഗം ഡി. രാജ എന്നിവരുടെ നേതൃത്വത്തില്‍ ഇടതുനേതാക്കള്‍ അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് നീതിലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമം അനുവദിക്കില്ളെന്ന് യെച്ചൂരി വ്യക്തമാക്കി.

നിരപരാധികള്‍ക്കെതിരെ നടപടിയുണ്ടാവില്ളെന്ന് രാജ്നാഥ് ഉറപ്പുനല്‍കിയതായി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ സ്കൂള്‍ കുട്ടികളല്ളെന്നും കരുതിക്കൂട്ടിയുള്ള ചെയ്തികളായിരുന്നെന്നും അഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. സ്വതന്ത്ര അന്വേഷണത്തിന് കമീഷനെ നിയോഗിക്കണമെന്നാണ് ഇടത് നേതാക്കള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.