ഡൽഹി കലാപം: 73 തവണ വരെ വാദം കേട്ടിട്ടും ജാമ്യാപേക്ഷകൾ തീർപ്പാക്കുന്നില്ല; 12 ആക്ടിവിസ്റ്റുകൾ ഇപ്പോഴും ജയിലറക്കുള്ളിൽ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരെ അടിച്ചൊതുക്കാൻ 2020ൽ നടന്ന ഡൽഹി കലാപത്തിൽ, പ്രതിചേർക്കപ്പെട്ട ആക്ടിവിസ്റ്റുകൾ കടുത്ത നീതി നിഷേധം നേരിടുന്നതായി നിയമവിദഗ്ധർ. ന്യൂനപക്ഷ സമുദായത്തിന് നേരെ ആസൂത്രിതമായി നടന്ന ആക്രമണത്തിൽ, അതേസമുദായത്തിലുള്ള വിദ്യാർഥികളും ആക്ടിവിസ്റ്റുകളും അടക്കമുള്ളവരെ പ്രതി ചേർത്താണ് ഡൽഹി പൊലീസ് സമരത്തോട് പ്രതികാരം തീർത്തത്. ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ 18 പേരിൽ ആറുപേർക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. സ്ത്രീകളടക്കമുള്ള 12 പേർ ഇപ്പോഴും ജയിലറക്കുള്ളിലാണ്.

ജാമ്യാപേക്ഷകൾ നിരന്തരം മാറ്റിവെക്കുന്നു

ജാമ്യാപേക്ഷകൾ നിരന്തരം മാറ്റിവെക്കുകയും ബെഞ്ച് മാറ്റുകയും ചെയ്യുന്നത് മൂലം ജയിൽമോചനം അനന്തമായി നീളുകയാണ്. 2022 ഏപ്രിൽ 29-ന് ആദ്യം ലിസ്റ്റ് ചെയ്ത ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ തന്നെ ഉദാഹരണം. കേസ് പരിഗണിച്ച ബെഞ്ച് ആറുതവണയാണ് മാറിയത്. 73 പ്രാവശ്യം വാദം കേട്ടു. എന്നാൽ ഇതുവരെ വിധി പ്രഖ്യാപിച്ചിട്ടില്ല.

2022 മെയ് 20 ന് ലിസ്റ്റ് ചെയ്ത മീരാൻ ഹൈദറിന്റെ ജാമ്യഹരജിയിലും അതുപോലെ തന്നെയാണ് കാര്യങ്ങൾ. 76 തവണ ലിസ്റ്റ് ചെയ്ത കേസിൽ എട്ട് പ്രവശ്യം ബെഞ്ച് മാറി. കേസിൽ പ്രതിചേർക്കപ്പെട്ട ഗുൽഫിഷ ഫാത്തിമ എന്ന എം.ബി.എ ബിരുദധാരിയായ യുവതിയുടെ ഹരജി 2022 മേയ് 11 നാണ് ലിസ്റ്റ് ചെല്തത്. 73 തവണ മാറ്റി​വെച്ച ഈ ഹരജിയിൽ നാല് പ്രാവശ്യം ബെഞ്ച് മാറി.

ഭരണകൂടത്തിന്റെയും പൊലീസിന്റെയും മുൻവിധിയോടെയുള്ള നീക്കത്തെ തുടർന്ന് അന്യായമായ കാലതാമസം നേരിട്ട കേസുകളിൽ ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങളും പ്രതികൂലമായി ബാധിച്ചു. ഏറ്റവുമൊടുവിൽ ജസ്റ്റിസ് സിദ്ധാർഥ് മൃദുലിനെ മണിപ്പൂർ ഹൈകോടതിയിലേക്ക് മാറ്റിയതോടെ പുതിയ ചീഫ് ജസ്റ്റിസ് എല്ലാ ജാമ്യാപേക്ഷകളും വീണ്ടും പരിഗണിക്കേണ്ടി വരും. 2024 ജനുവരിയിൽ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസുമാരായ സുരേഷ് കൈത്, മനോജ് ജെയിൻ എന്നിവരുടെ പ്രത്യേക ബെഞ്ചും കാലതാമസം നേരിടുന്നുണ്ട്.

കോടതിക്ക് നിയമവിദഗ്ധരുടെ തുറന്ന കത്ത്

കാലതാമസം അവസാനിപ്പിച്ച് ജാമ്യാപേക്ഷകളിൽ വേഗത്തിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 100ലധികം അഭിഭാഷകരും നിയമവിദഗ്ധരും ഉൾപ്പെടുന്ന നാഷണൽ അലയൻസ് ഫോർ ജസ്റ്റിസ്, അക്കൗണ്ടബിലിറ്റി ആൻഡ് റൈറ്റ് ഇനീഷ്യേറ്റീവ് (നജർ) ജുഡീഷ്യറിക്ക് തുറന്ന കത്തയച്ചിട്ടുണ്ട്. അനീതി പരിഹരിക്കാൻ സുപ്രീം കോടതിയും ഡൽഹി ഹൈകോടതിയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

എഫ്ഐആർ 59/2020 കേസിലെ എല്ലാ ജാമ്യാപേക്ഷകളും പരമാവധി രണ്ടാഴ്‌ചക്കുള്ളിൽ കേൾക്കുകയും തീർപ്പുണ്ടാക്കുകയും ചെയ്യണമെന്നും പ്രതികളും അവരുടെ കുടുംബങ്ങളും അനുഭവിച്ച കാലതാമസത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും നജർ ആവശ്യപ്പെട്ടു. വാദം കേൾക്കൽ പൂർത്തിയാക്കിയ ശേഷം സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ലഭിച്ച ജഡ്ജിമാർ തന്നെ അത്തരം കേസുകളിൽ ഉത്തരവുകൾ പുറപ്പെടുവിക്കണം. കാലതാമസവും നടപടിക്രമങ്ങളിലെ തടസ്സങ്ങളും മൗലികാവകാശങ്ങളെ ഹനിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നീതിന്യായ വ്യവസ്ഥ ശ്രദ്ധിക്കണമെന്നും ഇവർ അഭ്യർഥിച്ചു. 

Tags:    
News Summary - Of 18 arrested during Delhi Riots, 6 granted bail; others face delayed justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.