ജെ.എൻ.യു: കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ നീക്കം

ന്യൂഡൽഹി: ജെ.എൻ.യുവിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് വിദ്യാർഥി യൂനിയൻ നേതാവിനെ അറസ്റ്റ് ചെയ്യുകയും മറ്റു വിദ്യാർഥികൾക്കെതിരിൽ പൊലീസ് നടപടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഏൽപ്പിക്കാൻ നീക്കം നടക്കുന്നതായി ഐ.ബി.എൻ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ആവശ്യപ്പെട്ട് സൗത് ഡി.സി.പി  പ്രേം നാഥ് കമ്മീഷണർ ബി.എസ് ബാസിക്ക് കത്തയച്ചതായാണ് വിവരം. അതേസമയം, അഫ്സൽ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതിൽ ഉൾപ്പെട്ട 10 പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. സി.പി.ഐ നേതാവ് ഡി. രാജയുടെ മകൾ അപരാജിത ഉൾപ്പടെയുള്ള വിദ്യാർഥകൾക്ക് വേണ്ടിയാണ് തിരച്ചിൽ നടത്തുന്നത്.

അതിനിടെ സംഭവത്തെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് എ.ബി.വിപി പ്രവർത്തകർ തന്നെയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്നാണ് ഡൽഹി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.

വിദ്യാർഥികൾക്ക് പിന്തുണയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി കാമ്പസ് സന്ദർശിക്കുകയും വിദ്യാർഥി പ്രക്ഷോഭ പരിപാടികൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നവരാണ് യഥാർഥ രാജ്യദ്രോഹികളെന്ന് അദ്ദേഹം തുറന്നടിച്ചു.

പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി ഞായറാഴ്ച കാമ്പസിൽ വിദ്യാര്‍ത്ഥികൾ മനുഷ്യച്ചങ്ങല തീർക്കും. ഇടത് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കും. അധ്യാപകരടക്കമുള്ള ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് പണിമുടക്കും. അറസ്റ്റിലായ വിദ്യാര്‍ത്ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ ഉടന്‍ വിട്ടയക്കുക, കാമ്പസിലെ പൊലീസ് വിന്യാസം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധം. ജെ.എൻ.യുവില്‍ അഫ്സല്‍ ഗുരു അനുസ്‌മരണ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കനയ്യ ഉള്‍പ്പടെ എട്ടു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.