ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്‍െറ ആവശ്യത്തില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഭിന്നത. ബംഗാള്‍ നേതാക്കളും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സഖ്യത്തിന് അനുകൂലമായി നിലകൊണ്ടപ്പോള്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള തുടങ്ങിയവരും കേരള ഘടകവും ആവശ്യം തള്ളി. ഇതേതുടര്‍ന്ന് തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു. രണ്ട് അഭിപ്രായം ഉയര്‍ന്നുവെന്നും കേന്ദ്രകമ്മിറ്റി ഉചിത തീരുമാനമെടുക്കുമെന്നും പി.ബി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം നാലിന് തുടങ്ങിയ പോളിറ്റ് ബ്യൂറോ യോഗം രാത്രി 10 വരെ നീണ്ടു. കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് കടുത്ത ഭിന്നതയുണ്ടായതായാണ് വിവരം. ബംഗാളില്‍നിന്നുള്ള ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര തുടങ്ങിയ പി.ബി അംഗങ്ങള്‍ ബംഗാള്‍ സംസ്ഥാന സമിതി വലിയ ഭൂരിപക്ഷത്തോടെ തീരുമാനിച്ച കോണ്‍ഗ്രസ് സഖ്യത്തിന് അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി തുടങ്ങി കേരളത്തില്‍നിന്നുള്ളവര്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ മാറ്റം വേണ്ടെന്നും വാദിച്ചു.
അതിനിടെ, വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതായി സൂചനയുണ്ട്. കോണ്‍ഗ്രസ് സഖ്യമെന്ന ബംഗാള്‍ ഘടകത്തിന്‍െറ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളും. അതേസമയം, കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളോട് പ്രാദേശിക നീക്കുപോക്കിന് മൗനസമ്മതം നല്‍കുകയും ചെയ്യും. നിര്‍ണായക പി.ബി യോഗത്തിന് മുന്നോടിയായി യെച്ചൂരി ബംഗാളില്‍നിന്നുള്ള പി.ബി അംഗങ്ങളായ ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര, ഹനന്‍ മൊല്ല, മുഹമ്മദ് സലിം എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഒത്തുതീര്‍പ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായാണ് വിവരം. കേന്ദ്രകമ്മിറ്റി യോഗത്തിന് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലത്തെിയിട്ടുണ്ട്.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി ഇതോടെ നിര്‍ണായകമായി. ബംഗാളില്‍ പാര്‍ട്ടിയെ നിലനിര്‍ത്താനുള്ള അടവുനയം എന്ന വിശദീകരണത്തോടെ മുന്നോട്ടുവെക്കുന്ന കോണ്‍ഗ്രസ് സഖ്യത്തിന്‍െറ കാര്യത്തില്‍ 91 അംഗ കേന്ദ്രകമ്മിറ്റി എന്തു തീരുമാനിക്കുമെന്നതില്‍ വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.