ന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയം, അഭിഭാഷക അതിക്രമം എന്നീ വിഷയങ്ങളില്‍ മാധ്യമ അവതാരകര്‍ സ്വീകരിക്കുന്ന നിലപാട് ഒരു വിഭാഗം ദേശീയ ടി.വി-പത്ര മാധ്യമങ്ങളെ പ്രതിക്കൂട്ടിലാക്കി. ചാനല്‍ അവതാരകര്‍ വിഷയത്തെ സമീപിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് എന്‍.ഡി.ടി.വിയുടെ ഹിന്ദി ചാനല്‍ ബ്ളാക് സ്ക്രീന്‍ പരിപാടിയാണ് കഴിഞ്ഞ ദിവസത്തെ പ്രൈം ടൈമില്‍ അവതരിപ്പിച്ചത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യകുമാറിന്‍െറ ‘ദേശവിരുദ്ധ പ്രസംഗ’ വിഡിയോ കൃത്രിമമാണെന്ന് ആരോപണമുയര്‍ന്നത് പ്രശ്നത്തിന്‍െറ ഗൗരവം വര്‍ധിപ്പിച്ചു.അര്‍ണബ് ഗോസ്വാമി നയിക്കുന്ന ടൈംസ് നൗ ടി.വി ചാനല്‍ കനയ്യ അടക്കമുള്ള വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചുപോരുന്നത്. ദേശവിരുദ്ധ പ്രസംഗത്തിന്‍െറ വിഡിയോ പലവട്ടം കാണിക്കുകയും ചെയ്തു. ഈ വിഡിയോ ചിത്രമാണ് ഇപ്പോള്‍ വിവാദത്തിലായത്. വിഡിയോ കൃത്രിമമാണോ എന്ന് കണ്ടത്തൊന്‍ ഫോറന്‍സിക് ലാബില്‍ പരിശോധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്.
രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കനയ്യകുമാറും സംഘവും ജെ.എന്‍.യുവില്‍ നടന്ന പരിപാടിയില്‍ കശ്മീരികളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കുന്നതിന്‍െറ ശബ്ദം വിഡിയോയില്‍ ഉണ്ടായിരുന്നു. ടൈംസ് നൗവും മറ്റും വ്യാജ വിഡിയോ ചിത്രമാണ് നല്‍കുന്നതെന്ന് ‘ദ ഹിന്ദു’വിന്‍െറ മുന്‍ പത്രാധിപര്‍ കൂടിയായ ‘ദ വയര്‍’ ഓണ്‍ലൈന്‍ പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജന്‍ രംഗത്തുവന്നു. ഇതിനെതിരെ അര്‍ണബ് ഗോസ്വാമി ചാനലിലൂടെ പ്രതികരിച്ചു. വസ്തുതാപരമായ തെറ്റുതിരുത്തി മാപ്പുപറയാന്‍ സിദ്ധാര്‍ഥ് വരദരാജന്‍ തയാറാകണമെന്നായിരുന ആവശ്യം.
ഇത്തരമൊരു വിഡിയോ ചാനലില്‍ കാണിച്ചിട്ടില്ളെന്ന് വിശദീകരിക്കാനാണ് അര്‍ണബ് തന്നോട് ഫോണില്‍ സംസാരിച്ചതെന്ന് സിദ്ധാര്‍ഥ് വരദരാജന്‍ വിശദീകരിച്ചു. ടി.വി ചര്‍ച്ചക്കിടയില്‍ ഐ-പാഡില്‍നിന്ന് വിഡിയോ കാണിക്കാന്‍ ശ്രമിച്ച ബി.ജെ.പി വക്താവ് സാംബിത് പാത്രയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും അര്‍ണബ് വിശദീകരിച്ചതായി സിദ്ധാര്‍ഥ് പറഞ്ഞു. എന്നാല്‍, ടൈംസ് നൗ വിവാദ വിഡിയോ കാണിക്കുകതന്നെ ചെയ്തെന്ന് യുട്യൂബില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അര്‍ണബ് തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സിദ്ധാര്‍ഥ് വരദരാജന്‍ കൂട്ടിച്ചേര്‍ക്കുന്നു. വിഡിയോ കാണിക്കാന്‍ അര്‍ണബ് പലവട്ടം ബി.ജെ.പി വക്താവിനെ നിര്‍ബന്ധിച്ചതായും വ്യക്തമായി.
അര്‍ണബിന്‍െറ നിലപാടുകള്‍ക്കെതിരായ പ്രതിഷേധം കൂടിയായാണ് എന്‍.ഡി.ടി.വിയുടെ ഹിന്ദി വാര്‍ത്താ ചാനലില്‍ അവതാരകനായ രവീഷ് കുമാര്‍ പ്രത്യേക പരിപാടിയിലൂടെ പ്രകടിപ്പിച്ചത്. പ്രതിബദ്ധത വളര്‍ത്തേണ്ട ടി.വി ചര്‍ച്ചാ പരിപാടി അന്ധകാരത്തിലേക്കാണ് നയിക്കുന്നതെന്ന കുറ്റപ്പെടുത്തലോടെയാണ് രവീഷ് കുമാര്‍ പരിപാടി അവതരിപ്പിച്ചത്. പ്രത്യേക ദൃശ്യങ്ങളില്ലാതെ സ്ക്രീനില്‍ ഇരുട്ടുനിറച്ച് നടത്തിയ ‘പ്രൈം ടൈം പരിപാടി’ ദേശീയ ചര്‍ച്ചയായിരുന്നു.
രാത്രി ഒമ്പതിന് സംപ്രേഷണം ചെയ്യുന്ന വാര്‍ത്ത നിര്‍ത്തിവെച്ചായിരുന്നു പ്രമുഖ ചാനലിന്‍െറ ബ്ളാക് സ്ക്രീന്‍ പ്രതിഷേധം. ‘ഒരു ടെക്നിക്കല്‍ പ്രശ്നവും സിഗ്നല്‍ പ്രശ്നവും നിങ്ങള്‍ നേരിടുന്നില്ല. നിങ്ങളുടെ ടി.വിക്കും തകരാറില്ല. പക്ഷേ, ഞങ്ങള്‍ നിങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ്’. ഈ വാക്കുകള്‍ പ്രദര്‍ശിപ്പിക്കുകയും മറ്റ് ചാനല്‍ അവതാരകരുടെയും അഭിഭാഷകരുടെയും ശബ്ദങ്ങള്‍ മാത്രം കേള്‍പ്പിക്കുകയുമായിരുന്നു എന്‍.ഡി.ടി.വി.
ജെ.എന്‍.യു പരിപാടിയെ ന്യായീകരിച്ച് ഇന്ത്യ ടുഡേ ഗ്രൂപ് കണ്‍സല്‍ട്ടിങ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായിയും രംഗത്തുവന്നു. അഫ്സല്‍ ഗുരുവിനെ അനുകൂലിക്കുന്നവരെ ജിഹാദികളായി മുദ്രകുത്തുകയല്ല, അവരുമായി ആശയസംവാദം നടത്തുകയാണ് വേണ്ടതെന്ന് സര്‍ദേശായി ഹിന്ദുസ്ഥാന്‍ പത്രത്തില്‍ എഴുതി.
പാര്‍ലമെന്‍റ് ആക്രമണത്തില്‍ കുറ്റക്കാരനെന്നു വിധിച്ച അഫ്സല്‍ ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവര്‍ രാജ്യദ്രോഹികളാണെന്ന് താന്‍ കരുതുന്നില്ല. അഫ്സലിനെ ആശയപരമായി പിന്തുണക്കുന്നവര്‍ ജിഹാദികളും രാജ്യദ്രോഹികളുമാകുന്നത് എങ്ങനെയാണെന്നും സര്‍ദേശായി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.