കേന്ദ്ര സര്‍വകലാശാലാ കാമ്പസില്‍ സമരം ഒതുക്കാന്‍ പൊലീസ് പട

കാഞ്ഞങ്ങാട്: പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലാ കാമ്പസില്‍ വിദ്യാര്‍ഥി സമരം ഒതുക്കാന്‍ വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചു. ജെ.എന്‍.യു കാമ്പസില്‍ പൊലീസിനെ പ്രവേശിപ്പിച്ചത് വിവാദമായിട്ടും കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാല കാമ്പസ് പൊലീസ് നിയന്ത്രണത്തില്‍ വിട്ടുകൊടുത്തത്് കടുത്ത പ്രതിഷേധത്തിനിടയാക്കി. ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് രണ്ടുദിവസമായി വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ നേരിടാനാണ് ചൊവ്വാഴ്ച പെരിയയിലെ പ്രധാന കാമ്പസിനകത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചത്. സമരം തുടങ്ങിയ തിങ്കളാഴ്ച ഏതാനും പൊലീസുകാരുണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ച രാവിലെ കണ്ണീര്‍വാതക ഷെല്ലുകള്‍, ഗ്രനേഡുകള്‍ എന്നിവയുമായി വന്‍ പൊലീസ് പടയത്തെിയത് വിദ്യാര്‍ഥികളെ ആശങ്കയിലാക്കി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ക്ളാസ് ബഹിഷ്കരിച്ച അവര്‍ കാമ്പസ് വിട്ടിറങ്ങി. വിദ്യാനഗര്‍, പടന്നക്കാട് കാമ്പസുകളിലും വിദ്യാര്‍ഥികള്‍ ക്ളാസുകള്‍ ബഹിഷ്കരിച്ചു. ഹോസ്റ്റല്‍ ഫീസ് സെമസ്റ്ററിന് 3000 രൂപ വീതം ഈടാക്കുന്നത് കുറക്കുക, വനിതാ ഹോസ്റ്റലിന് പൂര്‍ണമായി ഫീസ് ഇളവ് നല്‍കുക, വരുമാനം കുറഞ്ഞ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ് തുക കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഏഴോളം വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെട്ട ജോയന്‍റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരമാരംഭിച്ചത്.രാജ്യത്തെ മറ്റു കേന്ദ്ര സര്‍വകലാശാലകളില്‍ ഇത്രയും വലിയ തുക ഫീസില്ളെന്നാണ് വിദ്യാര്‍ഥികളുടെ വാദം. എ.ബി.വി.പി സമരത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
സമരത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച വൈസ് ചാന്‍സലറെ ഉപരോധിച്ചിരുന്നു.

ചര്‍ച്ചക്ക് വിളിക്കാന്‍ പൊലീസിനെ വി.സി ഇടനിലക്കാരായി ഉപയോഗിച്ചത് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് കാരണമായി. വി.സിയുമായി ചര്‍ച്ച നടത്താന്‍ പോകുന്ന വിദ്യാര്‍ഥി നേതാക്കളെ പ്രത്യേകം നോട്ടമിടുന്നതായും ആക്ഷേപമുണ്ട്. അതേസമയം, വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കാമ്പസില്‍ പൊലീസിനെ വിന്യസിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിന് നടത്തുന്ന ഇന്‍റര്‍വ്യൂ തടസ്സപ്പെടാതിരിക്കാനാണ് പൊലീസ് സഹായം തേടിയതെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, അധ്യാപക ഇന്‍റര്‍വ്യൂ തടസ്സപ്പെടുത്താന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ളെന്നും ഇന്‍റര്‍വ്യൂ വൈകീട്ട് അഞ്ചിന് അവസാനിച്ചിട്ടും പൊലീസ് കാമ്പസില്‍ തുടരുകയാണെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് ജിതിന്‍നാഥ് ബുധനാഴ്്ച മുതല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ കാമ്പസില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ജോയന്‍റ് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.

പൊലീസിനെ വിളിച്ചില്ലെന്ന് വി.സി
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ ചൊവ്വാഴ്ച പൊലീസ് എത്തിയത് വിളിക്കാതെയാണെന്ന് വൈസ് ചാന്‍സലര്‍ ജി. ഗോപകുമാര്‍. തിങ്കളാഴ്ച പൊലീസ് വന്നത് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണെന്നും എന്നാല്‍, ചൊവ്വാഴ്ച പൊലീസിനെ വിളിച്ചില്ളെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കാമ്പസിന് പുറത്ത് അവരെ കണ്ടിരുന്നു. അഭിമുഖം നടക്കുന്നതുകൊണ്ടാണ് ആദ്യദിനം പൊലീസിനെ വിളിച്ചത്. അന്ന് രാഷ്ട്രപതിയുടെ നോമിനി ഉള്‍പ്പെടെ എട്ടുപേരുടെയും മറ്റു 40 അധ്യാപകരുടെയും അഭിമുഖം നടത്താന്‍ തീരുമാനിച്ചിരുന്നു.അഭിമുഖം നീട്ടിവെക്കാന്‍ കഴിയില്ല. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന അഭിമുഖം നടന്നില്ളെങ്കില്‍ ദോഷകരമായി ബാധിക്കുമായിരുന്നുവെന്നും വി.സി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.