ന്യൂഡൽഹി: അഫ്സൽ ഗുരുവിന് 2001ലെ പാർലമെന്റ് ആക്രമണത്തിൽ പങ്കുണ്ടോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നതായി മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം. ഇക്ണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റി മൂന്നു വർഷത്തിനു ശേഷമാണ് യു.പി.എ സർക്കാറിൽ ആഭ്യന്തര-ധനകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന പി.ചിദംബരം അഭിപ്രായം വ്യക്തമാക്കുന്നത്.
'ഒരുപക്ഷേ അഫ്സൽ ഗുരുവിൻെറ കേസിലെടുത്ത തീരുമാനം ശരിയായിരിക്കില്ല. അഫ്സൽ ഗുരുവിന് പാർലമെൻറ് ആക്രമണവുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നു. സർക്കാരാണ് അയാൾക്കെതിരെ കുറ്റാരോപണം നടത്തിയത് എന്നതിനാൽ സർക്കാരിൻെറ ഭാഗമായ ഒരാൾക്ക് കോടതി വിധിച്ച വധശിക്ഷ തെറ്റാണെന്നു പറയാനാവില്ല. ഒരു വ്യക്തി എന്ന നിലയിൽ താൻ അഭിപ്രായം വ്യക്തമാക്കുകയാണെങ്കിൽ കേസിലെ തീരുമാനങ്ങൾ ശരിയായ രീതിയിലല്ലായിരുന്നു' -ചിദംബരം പറഞ്ഞു. വധശിക്ഷക്ക് പകരം അഫ്സൽ ഗുരുവിന് പരോളില്ലാത്ത ജീവപര്യന്തത്തിന് ശിക്ഷ വിധിക്കാമായിരുന്നെന്നും ചിദംബരം ചൂണ്ടിക്കാട്ടി. 2008 മുതൽ 2012 വരെ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നു. പിന്നീട് ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് അദ്ദേഹം ധനകാര്യ മന്ത്രിയായി. 2013ൽ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റുമ്പോൾ സുശീൽകുമാർ ഷിൻഡെയായിരുന്നു ആഭ്യന്തരമന്ത്രി.
ജെ.എൻ.യു വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് അന്യായമാണെന്നും ഇത്തരം കുറ്റങ്ങൾ കോടതി വലിച്ചെറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ലെന്നും ചിദംബരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.