ന്യൂഡല്‍ഹി: സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം 12ല്‍ നിന്ന് 10 ആയി ചുരുക്കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ വെച്ച സാമ്പത്തിക സര്‍വേ നിര്‍ദേശിച്ചു. തിങ്കളാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ്, അതിലേക്കുള്ള കണ്ണാടിയായി കരുതുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ ശിപാര്‍ശ. സബ്സിഡികള്‍ യുക്തിസഹമാക്കിയേ പറ്റൂവെന്ന് സര്‍വേയില്‍ പറഞ്ഞു. 12ല്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടര്‍ വാങ്ങിയാല്‍ മാത്രമാണ് ഇപ്പോഴത്തെ നിലക്ക് വിപണിവില നല്‍കേണ്ടിവരുന്നത്.
പാചകവാതകം വീട്ടിലേക്കും വാണിജ്യാവശ്യത്തിനും ഉപയോഗിക്കുന്നവര്‍ക്കുമേല്‍ നികുതിയും തീരുവയും ചുമത്താവുന്നതാണെന്നും സര്‍വേ പറഞ്ഞു. വീട്ടാവശ്യത്തിനുള്ള സബ്സിഡി സിലിണ്ടറിന്മേല്‍ ഇപ്പോള്‍ എക്സൈസ് തീരുവയില്ല. സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് എട്ടുശതമാനം തീരുവ ഈടാക്കുന്നുണ്ട്. കസ്റ്റംസ് തീരുവയും സബ്സിഡി സിലിണ്ടറിനില്ല. ഗാര്‍ഹികേതര സിലിണ്ടറുകള്‍ക്ക് അഞ്ചുശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം പാചകവാതക സബ്സിഡി ഇനത്തില്‍ 40,551 കോടിയാണ് ഖജനാവില്‍നിന്ന് ചെലവിട്ടത്. ഇക്കൊല്ലം ഡിസംബര്‍ വരെയുള്ള കാലയളവില്‍ സബ്സിഡി 12,092 കോടിയായി ചുരുങ്ങി. സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കിത്തുടങ്ങിയതോടെ, സബ്സിഡി ചോര്‍ച്ച കുറഞ്ഞതാണ് ഒരുകാരണം. അതിനേക്കാള്‍ പ്രധാനം, അന്താരാഷ്ട്ര തലത്തില്‍ എണ്ണ-വാതക വില കുത്തനെ ഇടിഞ്ഞതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.