കൊല്‍ക്കത്ത: സി.പി.എം പാര്‍ട്ടി പ്ളീനം വേദിയില്‍ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് ആദരം. സമാപന സെഷനില്‍ പൊന്നാട അണിയിച്ചാണ് പാര്‍ട്ടി നേതൃത്വം മുതിര്‍ന്ന നേതാവിനെ ആദരിച്ചത്.
സി.പി.എം രൂപവത്കരിക്കാന്‍ 1964ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഇന്ന് അവശേഷിക്കുന്നത് വി.എസും എന്‍. ശങ്കരയ്യയും മാത്രമാണ്. ചരിത്രമായ ആ ദേശീയ കൗണ്‍സിലും ഇറങ്ങിപ്പോക്കും അരങ്ങേറിയ അതേ ഹാളിലാണ് അഞ്ചു പതിറ്റാണ്ടിനുശേഷം പാര്‍ട്ടി പ്ളീനം ചേര്‍ന്നത്. രോഗശയ്യയിലായ ശങ്കരയ്യക്ക് പ്ളീനത്തിന് വരാന്‍ കഴിഞ്ഞില്ല. 92ാം വയസ്സിലും പ്ളീനം നടപടികളില്‍ ആദ്യാവസാനം പങ്കെടുത്ത വി.എസിനെ ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന പി.ബി അംഗം ബിമന്‍ ബോസ് പൊന്നാട അണിയിച്ചപ്പോള്‍ പ്രതിനിധികള്‍ ഒന്നടങ്കം അഭിവാദ്യമര്‍പ്പിച്ചു. തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച സംസ്ഥാന നേതൃത്വമൊന്നാകെ നോക്കിനില്‍ക്കെ ലഭിച്ച ആദരം വി.എസിന് മധുരപ്രതികാരമായി.
കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവ് മാത്രമായ വി.എസിന് ഉദ്ഘാടനറാലിയും ആദ്യസെഷനിലും പി.ബി അംഗങ്ങള്‍ക്കൊപ്പം വേദിയില്‍ ഇടംനല്‍കി മതിയായ പരിഗണന നല്‍കിയിരുന്നു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ സദസ്സില്‍ അനേകം പ്രതിനിധികളിലൊരാള്‍ മാത്രമായി ഒതുങ്ങിപ്പോയ വി.എസിന് കൊല്‍ക്കത്തയില്‍ ലഭിച്ച പരിഗണന സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി ആയതിനുശേഷമുള്ള നിലപാട് മാറ്റം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.