ഒഴുക്കില്‍പെട്ട്  24 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; രക്ഷിതാക്കള്‍ക്ക് 20 ലക്ഷം വീതം നല്‍കാന്‍ വിധി

ഷിംല: ഒഴുക്കില്‍പെട്ട് മരിച്ച ഹൈദരാബാദ് എന്‍ജിനീയറിങ് കോളജിലെ 24 വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് 20 ലക്ഷംവീതം നഷ്ടപരിഹാരം നല്‍കാന്‍ ഹിമാചല്‍പ്രദേശ് ഹൈകോടതി വിധിച്ചു. നഷ്ടപരിഹാരം എട്ട് ആഴ്ചക്കുള്ളില്‍ നല്‍കണമെന്നാണ് ജസ്റ്റിസ് മന്‍സൂര്‍ അഹ്മദ് മീറും ജസ്റ്റിസ് തര്‍ലോക് സിങ് ചൗഹാനും ഉള്‍ക്കൊള്ളുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. നേരത്തേ ഇവര്‍ക്ക് നല്‍കിയ ഇടക്കാല ആശ്വാസമായ 50,000 രൂപ ഉള്‍പ്പെടെയാണ് 20 ലക്ഷം നല്‍കേണ്ടത്. അപകടം സംഭവിച്ച ദിവസം മുതല്‍ നഷ്ടപരിഹാരം നല്‍കുന്നതുവരെയുള്ളള കാലയളവ് കണക്കാക്കി ഇതിന്‍െറ 7.5 ശതമാനം പലിശകൂടി നല്‍കണം. 60:30:10 എന്നതോതില്‍ നഷ്ടപരിഹാരം ഭാഗിച്ചുനല്‍കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനോടും എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റിനോടും സംസ്ഥാനസര്‍ക്കാറിനോടും കോടതി ആവശ്യപ്പെട്ടു. ഇതില്‍ പ്രധാന പങ്ക് വൈദ്യുതി ബോര്‍ഡിനാണ്. അതുകൊണ്ടുതന്നെ നഷ്ടപരിഹാരത്തിന്‍െറ 60 ശതമാനവും വഹിക്കേണ്ടത് ബോര്‍ഡിന്‍െറ ബാധ്യതയാണെന്നും കോടതി നിരീക്ഷിച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊതുതാല്‍പര്യ ഹരജി പ്രകാരമാണ് കോടതി സ്വമേധയാ കേസെടുത്തത്. 2014 ജൂണ്‍ എട്ടിനായിരുന്നു സംഭവം. ലാര്‍ജി ഡാമില്‍നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് ഹൈദരാബാദിലെ വി.എന്‍.ആര്‍ വിഗ്നാ ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 24 കുട്ടികള്‍ ബിയാസ് നദിയില്‍ ഒഴുക്കില്‍പെടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.