കലാപത്തിന് കോപ്പുകൂട്ടിയ ബജ്റംഗ്ദള്‍ നേതാവിനെ മോചിപ്പിക്കാന്‍ കേന്ദ്ര ഉത്തരവ്

ന്യൂഡല്‍ഹി: യുവാവിന്‍െറ മുഖത്ത് കറുത്ത ചായമടിച്ച് അങ്ങാടിയിലൂടെ അടിച്ചുകൊണ്ടുപോയി കലാപത്തിന് കോപ്പുകൂട്ടിയ ബജ്റംഗ്ദള്‍ നേതാവിനെ അടിയന്തരമായി ജയില്‍മോചിതനാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഉത്തര്‍പ്രദേശിലെ ശാംലിയില്‍ ക്രൂരകൃത്യം ചെയ്ത ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ വിവേക് പ്രേമിക്കെതിരെ ചുമത്തിയ ദേശസുരക്ഷാ നിയമം പിന്‍വലിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡിസംബര്‍ 31ന് പുറത്തിറക്കിയ ഉത്തരവില്‍ ആവശ്യപ്പെട്ടു.
മറ്റൊരു വര്‍ഗീയ അക്രമ കേസില്‍ ബജ്റംഗ്ദള്‍ നേതാവ് ജാമ്യാപേക്ഷ സമര്‍പ്പിക്കാനിരിക്കെയാണ് നടപടി. ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി, ശാംലി ജില്ലാ മജിസ്ട്രേറ്റ് മുസഫര്‍നഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്കും പ്രതിയായ വിവേക് പ്രേമിക്കും ആഭ്യന്തര മന്ത്രാലയം അടിയന്തര ഉത്തരവിന്‍െറ പകര്‍പ്പ് റേഡിയോഗ്രാം വഴി അയച്ചുകൊടുത്തു.  
വിവേക് പ്രേമിയുടെ അക്രമം ശാംലിയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായതിനെ തുടര്‍ന്നാണ് പൊലീസ് ഇയാള്‍ക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുത്തത്. ഇയാള്‍ മുസ്ലിം യുവാവിനെ അടിച്ചുകൊണ്ടുപോകുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ ‘വൈറലാ’യിരുന്നു.  
കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് ആദര്‍ശ് മണ്ഡിയില്‍നിന്ന് ഒരു പശുക്കിടാവിനെ മോഷ്ടിച്ചു എന്നാരോപിച്ചാണ് 42കാരനായ മുഹമ്മദ് റിയാസിനെ ബജ്റംഗ്ദള്‍ നേതാവും സഹപ്രവര്‍ത്തകരും പിടികൂടി മുഖത്ത് കറുത്ത ചായമടിച്ച് നടുറോഡിലൂടെ നടത്തിച്ചത്. ജൂലൈ 10ന് ഇവര്‍ക്കെതിരെ ദേശ സുരക്ഷാ നിയമത്തിലെ 14(1) വകുപ്പ് പ്രകാരമുള്ള കുറ്റവും ചുമത്തി. ഇതിനെതിരെ വിവേക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദേശ സുരക്ഷാ നിയമപ്രകാരമുള്ള കേസ് പിന്‍വലിക്കാനും ജയില്‍ മോചിതനാക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.