കോയമ്പത്തൂര്‍: ജെല്ലിക്കെട്ടിനുള്ള വിലക്ക് നീക്കാന്‍ ബുധനാഴ്ചയും സുപ്രീംകോടതി വിസമ്മതിച്ച സാഹചര്യത്തില്‍ തെക്കന്‍ തമിഴക ജില്ലകളില്‍ പ്രതിഷേധം ആളിക്കത്തുന്നു. മധുര ജില്ലയിലെ അലങ്കാനല്ലൂര്‍, അവനിയാപുരം, പാലമേട് തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബുധനാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ അനിശ്ചിതകാല ഉപവാസം തുടങ്ങി. ജെല്ലിക്കെട്ട് സംഘാടകസമിതി പ്രതിനിധികളായ രാജാറാം, രാമകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച സുപ്രീംകോടതിയില്‍ പ്രത്യേക ഹരജികള്‍ നല്‍കിയത്. എന്നാല്‍, ഹരജികള്‍ കോടതി തള്ളുകയായിരുന്നു.
ഈ വാര്‍ത്തയറിഞ്ഞതോടെ മധുര, ശിവഗംഗ, തിരുച്ചി തുടങ്ങിയ ജില്ലകളിലെ ജെല്ലിക്കെട്ട് കളങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുകയായിരുന്നു. മിക്കയിടങ്ങളിലും റോഡ് തടഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജെല്ലിക്കെട്ട് അനുകൂലികള്‍ നടുറോഡില്‍ തല മുണ്ഡനം ചെയ്തു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കരിങ്കൊടികളുയര്‍ത്തി. മൃഗസ്നേഹി സംഘടനകളുടെ കോലം കത്തിക്കലും നടന്നു. മധുര അലങ്കാനല്ലൂര്‍ ജെല്ലിക്കെട്ട് മൈതാനത്തില്‍ കാളകളെ തുറന്നുവിടുന്ന ‘വാടിവാസല്‍’ എന്നയിടത്ത് ചിലര്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ നടത്തിയ ശ്രമം നാട്ടുകാരും പൊലീസും തടഞ്ഞു. രണ്ട് യുവാക്കള്‍ മൊബൈല്‍ ഫോണ്‍ ടവറില്‍ കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി ഉയര്‍ത്തിയതും ആശങ്ക പരത്തി. പാലമേട് ബസ്സ്റ്റാന്‍ഡിന് സമീപം നിരാഹാര ധര്‍ണ നടക്കുന്നുണ്ട്.
അതിനിടെ ജെല്ലിക്കെട്ട് കാളകളെ നടുറോഡില്‍ ഇറക്കിവിട്ടതും സംഘര്‍ഷത്തിനിടയാക്കി. കൂടുതല്‍ പൊലീസിനെ ഇറക്കി. നിരോധം മറികടന്ന് ജെല്ലിക്കെട്ട് നടത്തണമെന്ന ആവശ്യവും ചിലയിടങ്ങളില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. മുന്നോടിയായി ഗ്രാമമുഖ്യര്‍ പങ്കെടുത്ത ആലോചനായോഗങ്ങള്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.