ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ‘റിലയന്‍സി’ന് 4ജി ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടിനെതിരെ ഹരജിയുമായത്തെിയ അഡ്വ. പ്രശാന്ത് ഭൂഷന്‍െറ സര്‍ക്കാറിതര സന്നദ്ധ സംഘടനയുടെ വിശ്വാസ്യത സുപ്രീംകോടതി ചോദ്യം ചെയ്തു. കോര്‍പറേറ്റുകള്‍ക്കിടയിലെ പകയും വ്യക്തിവിരോധവും തീര്‍ക്കാന്‍ പ്രശാന്ത് ഭൂഷന്‍െറ ‘പൊതുതാല്‍പര്യ വ്യവഹാര കേന്ദ്രം’ (സി.പി.ഐ.എല്‍) എന്ന എന്‍.ജി.ഒ എന്തിനാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു.

രൂക്ഷമായ ഭാഷയില്‍ പ്രശാന്തിനെ നേരിട്ട ബെഞ്ച്  ‘നിങ്ങള്‍ക്ക് ഒരു പൊതുതാല്‍പര്യ വ്യവഹാര കേന്ദ്രം ആകാന്‍ കഴിയുമോ’ എന്ന് സംഘടനയുടെ പേരിലേക്ക് സൂചന നല്‍കി ചോദിച്ചു. ‘പ്രശാന്ത് ഭൂഷണ്‍, നിങ്ങള്‍ക്ക് ഒരു പോരാളിയുടെ പ്രതിച്ഛായയാണുള്ളത്, എന്തുകൊണ്ടാണ് നിങ്ങളുടെ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നത്? കാരണം, നിങ്ങളൊരു പ്രഫഷനല്‍ ഹരജിക്കാരനാണ്. എന്നാല്‍, നിങ്ങള്‍ക്ക് ഒരു ‘പൊതുതാല്‍പര്യ വ്യവഹാര കേന്ദ്രം’ ആകാന്‍ കഴിയുമോ? ആരെങ്കിലും നിങ്ങളുടെ ഓഫിസില്‍ വന്ന് എനിക്ക് ഒരു പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കണമെന്ന് പറയുമോ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ 50 പൊതുതാല്‍പര്യ ഹരജികളാണ് സി.പി.ഐ.എല്‍ സമര്‍പ്പിച്ചത്. ഇത്തരത്തില്‍ സംവിധാനത്തെ ഉപയോഗപ്പെടുത്താമോ? ഇതനുവദിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. നിങ്ങള്‍ക്ക് മുമ്പാകെ വരുന്ന പരാതികള്‍ ഒരു കമ്മിറ്റി പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടെങ്കില്‍ മാത്രം പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചാല്‍ മതി’ -സുപ്രീംകോടതി പറഞ്ഞു.

റിലയന്‍സ് ജിയോ ടെലികോമിനെതിരായ ഹരജി അങ്ങനെ ഒരു കമ്മിറ്റി പരിശോധിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. സി.പി.ഐ.എല്‍ ഹരജി സമര്‍പ്പിക്കുമ്പോള്‍ അത് സ്ഥാപിത താല്‍പര്യക്കാരുണ്ടാക്കിയതല്ല എന്നൊരു ആത്മവിശ്വാസം സുപ്രീംകോടതിക്ക് വേണം. ഒരു കോര്‍പറേറ്റ് എതിരാളി രേഖകളുമായി സമീപിച്ചാല്‍ നിങ്ങള്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യുമോ? എന്തുകൊണ്ട് ആ കോര്‍പറേറ്റ് ഉറവിടം അവരുടെ പേരില്‍ തുറന്ന നിയമയുദ്ധം നടത്തുന്നില്ല?  സി.പി.ഐ.എല്‍ നിഴല്‍ ഹരജിക്കാരനാകരുത്. വ്യവസായികളുടെ കൈയിലെ ഉപകരണമായി മാറരുത്.

സുപ്രീംകോടതിയുടെ വിമര്‍ശശരങ്ങള്‍ക്ക് മറുപടി നല്‍കിയ പ്രശാന്ത് ഭൂഷണ്‍, സി.പി.ഐ.എല്‍ മുതിര്‍ന്ന അഭിഭാഷകര്‍ ചേര്‍ന്നുണ്ടാക്കിയ സംഘടനയാണെന്ന് ബോധിപ്പിച്ചു. ഫാലി എസ്. നരിമാന്‍, അനില്‍ ദിവാന്‍, കാമിനി ജയ്സ്വാള്‍, തന്‍െറ പിതാവ് (ശാന്തി ഭൂഷണ്‍), താന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി സൂക്ഷ്മമായി  പരിശോധിച്ചാണ് ഓരോ ഹരജിയും സമര്‍പ്പിക്കുന്നത്. വ്യവസായ താല്‍പര്യങ്ങളുള്ള ഒരു വ്യക്തി തങ്ങളെ സമീപിക്കുമ്പോള്‍ അയാള്‍ നല്‍കുന്ന വിവരങ്ങള്‍ അങ്ങേയറ്റം സംശയത്തോടെയാണ് തങ്ങള്‍ നോക്കാറുള്ളത്. അയാളുടെ വ്യവസായ താല്‍പര്യങ്ങള്‍ക്കുപരിയായി അതില്‍ പൊതുതാല്‍പര്യമുണ്ടെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടെങ്കിലേ കേസ് കൊടുക്കുന്ന കാര്യം തീരുമാനിക്കാറുള്ളൂവെന്നും ഭൂഷണ്‍ പറഞ്ഞു.

അപ്പോള്‍ കാമിനി ജയ്സ്വാളും താങ്കളും ചേംബറില്‍ ഇരുന്ന് തീരുമാനിക്കുകയാണല്ളേ എന്നായി സുപ്രീംകോടതി. കിട്ടുന്ന വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ നിങ്ങളുടെ പക്കല്‍ സംവിധാനമില്ളെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് കൂടി സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തപ്പോള്‍ തങ്ങള്‍ക്ക് ഒരു ഗവേഷണ വിഭാഗം വേണമെന്നാണോ പറയുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ തിരിച്ചുചോദിച്ചു. ‘നിങ്ങള്‍ക്ക് ഒരു അന്വേഷണ വിഭാഗം വേണമെന്നും അത് നിങ്ങളെയും ഞങ്ങളെയും ഒരുപോലെ സഹായിക്കു’മെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്‍െറ മറുപടി. ഹരജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.