400 വര്‍ഷങ്ങള്‍ക്കുശേഷം സ്ത്രീകള്‍ക്കും ദലിതര്‍ക്കും ക്ഷേത്രപ്രവേശത്തിന് അനുമതി

ഡറാഡൂണ്‍: ഉത്തരാഖണ്ടിലെ ക്ഷേത്രത്തില്‍ ദലിതര്‍ക്കും സ്ത്രീകള്‍ക്കും 400 വര്‍ഷമായി തുടരുന്ന പ്രവേശവിലക്ക് നീക്കി. ഗര്‍വാളിലെ ജൗന്‍സാര്‍ ബവാര്‍ പ്രദേശത്തെ പരശുരാമ ക്ഷേത്രമാണ് എല്ലാ വിഭാഗക്കാര്‍ക്കുമായി തുറന്നുകൊടുത്തത്.
ക്ഷേത്രത്തില്‍ മേലില്‍ എല്ലാവര്‍ക്കും പ്രവേശിക്കാമെന്ന് മാനേജ്മെന്‍റ് പ്രഖ്യാപിച്ചു. ക്ഷേത്രത്തില്‍ മൃഗബലി നിര്‍ത്തലാക്കാനും തീരുമാനിച്ചു.
പ്രദേശം വളര്‍ച്ചയുടെ പാതയിലാണെന്നും സാക്ഷരതനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ജനം കാലത്തിനൊത്ത മാറ്റം ആഗ്രഹിക്കുന്നുവെന്നും ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ ജവഹര്‍ സിങ് ചൗഹാന്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണമെന്ന ഹരജി സുപ്രീംകോടതി പരിഗണിക്കുന്ന സമയത്താണ് ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്്.
ക്ഷേത്രവിലക്കിനെതിരെ 13 വര്‍ഷമായി ദലിത് സംഘടനകള്‍ പ്രതിഷേധത്തിലായിരുന്നു. തീരുമാനത്തെ ദലിത് സമുദായങ്ങള്‍ സ്വാഗതം ചെയ്തു. അതിനിടെ, ദലിതരെ തടയാന്‍ നിയമമില്ളെന്നും അവര്‍ വിശ്വാസങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ വരാതിരിക്കുകയാണെന്നുമുള്ള ജവഹര്‍ സിങ് ചൗഹാന്‍െറ പരാമര്‍ശം ദലിത് പ്രതിനിധികള്‍ നിഷേധിച്ചു. ദര്‍ശനത്തിനത്തെിയ ദലിതര്‍ക്ക് ക്ഷേത്രകവാടത്തില്‍ ക്രൂരമര്‍ദനമേറ്റിട്ടുണ്ടെന്ന് ദലിത് നേതാവ് ദൗലത് കുന്‍വാര്‍ പറഞ്ഞു.
മേഖലയിലെ 339 ക്ഷേത്രങ്ങളില്‍ തുടരുന്ന വിലക്ക് നീക്കാന്‍ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രം 400 വര്‍ഷം മുമ്പാണ് പണിതത്. അന്നുമുതല്‍ ഇവിടെ ദലിതര്‍ക്കും സ്ത്രീകള്‍ക്കും പ്രവേശമുണ്ടായിരുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.