മഥുര: മഥുരയിലെ ജവഹര്‍ ബാഗില്‍ അനധികൃത കൈയേറ്റത്തിന് നേതൃത്വം നല്‍കിയ ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനയുടെ നേതാവ് രാം ബ്രിക്ഷ് യാദവ് അക്രമത്തിനിടെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം മൂന്നു പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 27 ആയി. രാം ബ്രിക്ഷ് യാദവിന്‍െറ മൃതദേഹം അനുയായികള്‍ തിരിച്ചറിഞ്ഞതായി യു.പി ഡി.ജി.പി ജാവേദ് അഹ്മദ് ട്വിറ്ററില്‍ അറിയിച്ചു. മൃതദേഹം തിരിച്ചറിയാന്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറും.
60 വയസ്സുകാരനായ യാദവാണ് രണ്ടുവര്‍ഷം മുമ്പ് ഏതാനും അനുയായികളുമായി ജവഹര്‍ ബാഗിലെ പാര്‍ക്ക് കൈയേറിയത്. വ്യാഴാഴ്ച പാര്‍ക്ക് ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ ചെറുത്തുനിന്നത് യാദവിന്‍െറ നേതൃത്വത്തിലാണ്. പൊലീസിനെ തുരത്താന്‍ കൈയേറ്റക്കാര്‍ കുടിലുകള്‍ക്ക് തീയിട്ടപ്പോഴാണ് രാം ബ്രിക്ഷ് യാദവ് അടക്കം 11 പേര്‍ പൊള്ളലേറ്റുമരിച്ചത്. കുടിലുകള്‍ക്ക് തീയിട്ടതിനെതുടര്‍ന്നാണ് സ്ത്രീയടക്കം 11 കൈയേറ്റക്കാര്‍ മരിച്ചത്. കുടിലുകളിലെ എല്‍.പി.ജി സിലിണ്ടറുകളടക്കം പൊട്ടിത്തെറിച്ച് തീ ആളിപ്പടര്‍ന്നാണ് ദുരന്തമുണ്ടായത്.
അതിനിടെ, കൊല്ലപ്പെട്ട പൊലീസുകാരുടെ ബന്ധുക്കള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക 50 ലക്ഷമായി ഉയര്‍ത്തി. പൊലീസുകാരുടെ കുടുംബത്തിന് പെന്‍ഷനും കൊല്ലപ്പെട്ടവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. സംഘര്‍ഷത്തിന് പിന്നാലെ പ്രതിപക്ഷ കക്ഷികളില്‍നിന്നും രൂക്ഷവിമര്‍ശം നേരിട്ടതോടെയാണ് അഖിലേഷ് യാദവ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. സംഭവത്തിന്‍െറ ഉത്തരവാദിത്തമേറ്റെടുത്ത് കാബിനറ്റ് മന്ത്രിയും അഖിലേഷ് യാദവിന്‍െറ അമ്മാവനുമായ ശിവ്പാല്‍ യാദവ് രാജിവെക്കണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത് ഷാ ആവശ്യപ്പെട്ടു.
എസ്.പി നേതാവ് മുലായം സിങ്ങിന് സ്വാഭിമാനം തരിമ്പെങ്കിലുമുണ്ടെങ്കില്‍ മന്ത്രിയെ ഉടന്‍ രാജിവെപ്പിക്കണം. മഥുര സംഭവം ഉത്തര്‍പ്രദേശിന് നാണക്കേടുണ്ടാക്കിയെന്നും സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവങ്ങളെ അഖിലേഷ് യാദവ് ഗൗരവത്തോടെയല്ല സമീപിക്കുന്നതെന്ന് ബി.എസ്.പി നേതാവ് മായാവതി കുറ്റപ്പെടുത്തി. സി.ബി.ഐയോ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലോ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ആള്‍ദൈവ സംഘത്തിന് സമാന്തര കോടതിയും ജയിലും
24 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിന് നേതൃത്വം നല്‍കിയ ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനക്ക് സമാന്തര ക്രമസമാധാന സംവിധാനമുണ്ടായിരുന്നതായി പൊലീസ്. സ്വന്തമായി കോടതിയും ജയിലുകളും സ്ഥാപിച്ച് അന്തേവാസികളെ പീഡിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സ്വന്തമായ ടൗണ്‍ഷിപ്പുണ്ടാക്കിയ സംഘം സമാന്തര ഭരണകൂടമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഉന്നയിച്ച ആവശ്യങ്ങളെപ്പോലെ വിചിത്രരീതിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനവും. ഭരണഘടനാ സംവിധാനങ്ങളില്‍ വിശ്വാസം പുലര്‍ത്തിയിരുന്നില്ല. അന്നദാനകേന്ദ്രങ്ങളും പ്രവചനകേന്ദ്രങ്ങളും ഇവിടെയുണ്ടായിരുന്നു. അനുയായികളില്‍ ഒരാളെയും പുറത്തുകടക്കാന്‍ അനുവദിച്ചിരുന്നില്ല. പുറത്തുനിന്നൊരാള്‍ കടന്നാല്‍, അവരെ ആക്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട പൊലീസുകാര്‍ക്ക് നാട്ടുകാരുടെ മരണാനന്തര ബഹുമതി
ആള്‍ദൈവ സംഘത്തിന്‍െറ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ മഥുരയില്‍ കൊല്ലപ്പെട്ട രണ്ട് പൊലീസുകാര്‍ക്ക് നാട്ടുകാരുടെ മരണാനന്തര ബഹുമതി. ജവഹര്‍ ബാഗ് സംഘര്‍ഷ് സമിതിയാണ് ഉദ്യോഗസ്ഥരെ മരണാനന്തരം ആദരിക്കുന്നത്. കൊല്ലപ്പെട്ട എസ്.പി മുകുള്‍ ദ്വിവേദിക്ക് യോദ്ധ ബഹുമതിയും സ്റ്റേഷന്‍ ഹൗസ് ഓഫിസറായിരുന്ന സന്തോഷ് യാദവിന് ’പരാക്രമി’ ബഹുമതിയുമാണ് നല്‍കുക. കൈയേറ്റം ഒഴിപ്പിക്കാന്‍ തങ്ങള്‍ മൂന്നുതവണ നടത്തിയ ശ്രമവും പരാജയമായിരുന്നെന്നും സംഘത്തിനെതിരെ ധീരമായ നടപടി സ്വീകരിക്കാന്‍ തയാറായ ജില്ലാ മജിസ്ട്രേറ്റ് രാജേഷ്കുമാറിനും എസ്.എസ്.പി രാകേഷ് സിങ്ങിനെയും ആദരിക്കുമെന്നു സമിതി നേതാവ് നരേന്ദ്ര സിങ് പറഞ്ഞു. അതിനിടെ, കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബങ്ങള്‍ക്ക് ജില്ലയിലെ എല്ലാ പൊലീസുകാരും തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്ന് മുസഫര്‍നഗര്‍ എസ്.എസ്.പി ദീപക്കുമാര്‍ അറിയിച്ചു. 24.50 ലക്ഷം രൂപയാണ് ശേഖരിക്കുകയെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.