മല്യക്കെതിരായ റെഡ്കോര്‍ണര്‍: അപേക്ഷ ഇന്‍റര്‍പോള്‍ തിരിച്ചയച്ചു

ന്യൂഡല്‍ഹി: 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തി വിദേശത്തേക്ക് കടന്ന വിജയ് മല്യക്കായി റെഡ്കോര്‍ണര്‍ നോട്ടീസ് (ആഗോള അറസ്റ്റ് വാറന്‍റ്) പുറത്തിറക്കണമെന്നു കാണിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ ഇന്‍റര്‍പോള്‍ മടക്കി. ദുര്‍ബലമായ കേസ് ചമച്ച് വിശദാംശങ്ങളില്ലാതെ നല്‍കിയ അപേക്ഷ പ്രകാരം റെഡ്കോര്‍ണര്‍ ഇറക്കാനാവില്ളെന്ന് വ്യക്തമാക്കിയാണ് നടപടി. മേയ് 12ന് ഇന്ത്യ സമര്‍പ്പിച്ച അപേക്ഷയില്‍  റെഡ്കോര്‍ണര്‍ നോട്ടീസിറക്കാന്‍ പാകത്തിന് തെളിവ് മല്യക്കെതിരെ ഹാജരാക്കിയിട്ടില്ല. ഇയാള്‍ക്കെതിരെ വിചാരണ നടക്കുന്നില്ല, കൈമാറണമെന്നു കാണിച്ച് അപേക്ഷയും നല്‍കിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കുറ്റാരോപിതന്‍െറ ഭാഗംകൂടി കേള്‍ക്കേണ്ടതുണ്ടെന്നും ഇന്‍റര്‍പോള്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍, അപേക്ഷ തള്ളിയിട്ടില്ളെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങളും വിശദീകരണങ്ങളും നല്‍കാനാണ് നിര്‍ദേശം. അവ ഉടന്‍ സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. ലളിത് മോദി കേസിലുള്‍പ്പെടെ  ഇത്തരത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നുമാണ് അന്വേഷകരുടെ പക്ഷം. ലളിത് മോദിക്കെതിരായ കേസിലെന്നപോലെ ദുര്‍ബലവാദം നിരത്തി അപേക്ഷ നല്‍കിയതാണ് ഇക്കുറിയും തിരിച്ചടിയായത്. മല്യക്ക് രാജ്യംവിടാന്‍ സാവകാശം നല്‍കിയ ശേഷമാണ് കേസ് നടപടി ആരംഭിച്ചതു തന്നെ.
മല്യയെ നാടുകടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ബ്രിട്ടന്‍ നിരസിച്ചിരുന്നു. കേസന്വേഷണത്തിന് ആളുകളെ കൈമാറുന്നതിന് ഇന്ത്യയും ബ്രിട്ടനും തമ്മിലെ ഉടമ്പടി (എം.എല്‍.എ.ടി) പ്രകാരം അപേക്ഷ നല്‍കാനാണ് ബ്രിട്ടീഷ് അധികൃതര്‍ നിര്‍ദേശിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.