കലാപ ഭൂമിയില്‍ അനാഥരായി മൂന്നു സ്ത്രീകള്‍

മഥുര: പകലുകളും രാവുകളും കഴിഞ്ഞു; ജവഹര്‍ബാഗിലെ കലാപം കഴിഞ്ഞിട്ട്. പടക്കളം ചാമ്പലായ കുടിലുകളുടെ ചാരം മൂടിക്കിടക്കുന്നു. ‘യുദ്ധം’ നയിച്ച ഗുരുജിയും 24 അനുയായികളും കുടിലുകള്‍ക്കൊപ്പം കത്തിയമര്‍ന്നു. അക്രമത്തില്‍നിന്ന് രക്ഷപ്പെട്ട മൂന്ന് സ്ത്രീകള്‍ ഇപ്പോഴും നഗരത്തിലെ ബസ്സ്റ്റാന്‍ഡില്‍ അനാഥരായി കഴിയുകയാണ്.

ജവഹര്‍ ബാഗില്‍ ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടന കൈയേറിയ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കുന്നതിനിടെ 27 പേരാണ് കൊല്ലപ്പെട്ടത്. കൈയേറ്റത്തിന് നേതൃത്വം നല്‍കിയ ആള്‍ദൈവം രാം വൃക്ഷ് യാദവും കൊല്ലപ്പെട്ടു. രണ്ടുവര്‍ഷമായി 3000ഓളം പേര്‍ ഇവിടെ കുടില്‍കെട്ടി താമസിക്കുകയായിരുന്നു. ഗുരുജിയെ കണ്ട് അനുഗ്രഹം തേടാമെന്ന് വാഗ്ദാനം ചെയ്താണ് സമീപഗ്രാമങ്ങളില്‍നിന്ന് രാം വൃക്ഷ് യാദവിന്‍െറ അനുയായികള്‍ സ്ത്രീകളെയടക്കം കൈയേറ്റഭൂമിയില്‍ സമരത്തിനത്തെിച്ചത്. സര്‍ക്കാര്‍ ഭൂമി കൈയേറി താമസിക്കാനാണെന്ന കാര്യം ഇവര്‍ക്ക് അറിയില്ലായിരുന്നു. രക്ഷപ്പെട്ട പല ഗ്രാമീണരും കൈയേറ്റം ഒഴിപ്പിച്ചതിനെതുടര്‍ന്ന് അനാഥാവസ്ഥയില്‍ നഗരത്തില്‍ അലയുകയാണ്.

നഗരത്തിലെ പഴയ ബസ്സ്റ്റാന്‍ഡിനടുത്ത് റിക്ഷകള്‍ക്കിടയില്‍ അഭയം കണ്ടത്തെിയിരിക്കുകയാണ് 95കാരിയായ ഗോബ ദേവി. ഒരു വര്‍ഷമായി അവരുടെ വീട് ജവഹര്‍ബാഗിലെ പാര്‍ക്കായിരുന്നു. 700 കിലോമീറ്റര്‍ അകലെ കുശിനഗറിലെ സ്വന്തം വീട്ടിലേക്ക് ഇനി എന്ന് മടങ്ങാനാകുമെന്ന് അവര്‍ക്കറിയില്ല. അവരെ ഇവിടെയത്തെിച്ചവരൊന്നും ഇപ്പോള്‍ കൂടെയില്ല. പലരും കുടിലുകള്‍ക്കൊപ്പം കത്തിത്തീര്‍ന്നു. എങ്ങനെയോ പേരക്കുട്ടിയുടെ കൈകളില്‍ പിടിച്ച് രക്ഷപ്പെടുകയായിരുന്നു ഗോബ ദേവി. നാട്ടുകാരുടെ കനിവിലാണ് ഇപ്പോള്‍ ഭക്ഷണം പോലും കഴിക്കുന്നത്.

ഗുരുജിയെ കാണാം എന്ന പ്രലോഭനത്തിലാണ് ഗോബ ദേവി മകളുടെ കുടുംബത്തിനൊപ്പം ഒരുവര്‍ഷം മുമ്പ് ജവഹര്‍ ബാഗിലത്തെിയത്. കാണക്കാണെ പാര്‍ക്ക് ജനസമുദ്രമാകുന്നത് അവരെ വിസ്മയിപ്പിച്ചു. 3000ഓളം പേരില്‍ ഒരാളായി പിന്നീടവര്‍. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പൊടുന്നനെ വെടിവെപ്പിന്‍െറ ശബ്ദം മുഴങ്ങി. എല്ലാവരും ഓടാന്‍ തുടങ്ങി. മകളുടെ മകന്‍ രാജേഷിന്‍െറ കൈകള്‍ ഗോബ ദേവിയെ മുറുകെപ്പിടിച്ച് പുറത്തത്തെിച്ചു. അപ്പോഴേക്കും പാര്‍ക്കില്‍ തങ്ങള്‍ ഉറങ്ങിക്കിടന്ന കുടിലുകളെ തീ തിന്നാന്‍ തുടങ്ങിയിരുന്നു. ആരാധനയോടെ താന്‍ കാണാനത്തെിയ ഗുരുജി രാം വൃക്ഷ് യാദവും അഗ്നിക്കിരയാകുന്നത് അവര്‍ അറിഞ്ഞില്ല. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാന്‍ രാജേഷിനെ കാത്തിരിക്കുകയാണ് ഗോബ ദേവി.

ബസ്സ്റ്റാന്‍ഡില്‍ 30കാരിയായ മറ്റൊരു സ്ത്രീയും രണ്ട് മക്കളുമായി കഴിയുന്നുണ്ട്. ഒരു വയസ്സുമാത്രം പ്രായമായ മകന് അല്‍പം പാലിനുവേണ്ടി അവര്‍ യാചിക്കുകയാണ്. ഒരാഴ്ച മുമ്പാണ് ഷാജഹാന്‍പൂരിലെ വീട്ടില്‍നിന്ന് ഇവര്‍ ഭര്‍ത്താവിനൊപ്പം ജവഹര്‍ബാഗിലത്തെിയത്, ഗുരുജിയെ കാണാന്‍. വ്യാഴാഴ്ച അക്രമത്തിനിടെ ഭര്‍ത്താവ് പൊലീസിന്‍െറ പിടിയിലായതോടെയാണ് ഇവര്‍ ബസ്സ്റ്റാന്‍ഡില്‍ അഭയം തേടിയത്. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെ മറ്റൊരു സ്ത്രീയും ബസ്സ്റ്റാന്‍ഡില്‍ കഴിയുന്നുണ്ട്, ഭക്ഷണം യാചിച്ചും പൊലീസില്‍നിന്ന് ഒളിച്ചും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.