ഇന്ത്യയില്‍നിന്ന് മോഷ്ടിച്ചു കടത്തിയ ചരിത്ര വസ്തുക്കള്‍ അമേരിക്ക തിരിച്ചുനല്‍കി

വാഷിങ്ടണ്‍: 2000 വര്‍ഷം പഴക്കമുള്ള പ്രതിമകളും വിഗ്രഹങ്ങളുമടക്കം ഇന്ത്യയില്‍നിന്ന് മോഷ്ടിച്ച് കടത്തിയ 200 കരകൗശല വസ്തുക്കള്‍  അമേരിക്ക ഇന്ത്യക്ക് തിരികെ നല്‍കി. 670 കോടി രൂപ (100 ദശലക്ഷം ഡോളര്‍) വിലവരുന്ന ഇവ അമേരിക്കയിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് കൈമാറിയത്.
വെങ്കലത്തിലും ടെറാക്കോട്ടയിലും തീര്‍ത്തതാണ് വിഗ്രഹങ്ങളും പ്രതിമകളും.  ഇന്ത്യയിലെ പ്രധാന മതകേന്ദ്രങ്ങളില്‍നിന്ന് മോഷ്ടിച്ചവയാണ് ഇതെല്ലാം.  ചെന്നൈയിലെ ശിവക്ഷേത്രത്തില്‍നിന്ന് കവര്‍ന്ന ചോള കാലഘട്ടത്തിലെ  (850 എ.ഡി- 1250എ.ഡി) ഹിന്ദു യോഗിയും കവിയുമായ മാണിക്കവിചാവകറുടെ പ്രതിമയാണ് ഇതില്‍ ഏറ്റവും വിലയേറിയത്. പത്തുകോടിയാണ് ഇതിന്‍െറ വില കണക്കാക്കുന്നത് (1.5 ദശലക്ഷം ഡോളര്‍). 1000 വര്‍ഷം പഴക്കമുള്ള ഗണേശ വിഗ്രഹവും കൂട്ടത്തിലുണ്ട്.  

സാംസ്കാരിക പൈതൃകം ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്ന ഘടകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്ളെയര്‍ ഹൗസില്‍ നടന്ന കൈമാറ്റ ചടങ്ങില്‍ അഭിപ്രായപ്പെട്ടു.  ഇന്ത്യയില്‍നിന്ന് കവര്‍ന്നെടുത്ത പുരാവസ്തുക്കള്‍ തിരിച്ചുതരാനുള്ള ശ്രമത്തിന് പലരാജ്യങ്ങളും തുടക്കമിട്ടിട്ടുണ്ട്. ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്‍െറ സംസാരം.

ഈ രാജ്യങ്ങളിലെ സര്‍ക്കാറുകളും നിയമപാലന സംവിധാനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനാലാണ് ഇവ കണ്ടത്തൊനും അതത് രാജ്യങ്ങള്‍ക്ക് തിരിച്ചുകൊടുക്കാനും കഴിയുന്നത്. ചിലപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ചെയ്യാന്‍പറ്റാത്തത് വിഗ്രഹങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് തിരിച്ചുതന്നതില്‍ പ്രസിഡന്‍റ് ബറാക് ഒബാമയോടും അമേരിക്കയോടും നന്ദിയുണ്ട്. ചിലര്‍ക്കിതിന് പണത്തിന്‍െറ അടിസ്ഥാനത്തില്‍ വിലയിടാന്‍ കഴിയും പക്ഷേ, ഇന്ത്യക്കാര്‍ക്ക് അവരുടെ അമൂല്യമായ സാംസ്കാരിക പൈതൃകത്തിന്‍െറ ഭാഗമാണ്- മോദി കൂട്ടിച്ചേര്‍ത്തു.

ഈ തിരിച്ചയക്കല്‍ അമേരിക്കക്ക്  ഇന്ത്യയോടും അവിടത്തെ ജനങ്ങളോടുമുള്ള ആദരം വിളിച്ചറിയിക്കുന്നതാണെന്ന്   യു.എസ് അറ്റോണി ജനറല്‍ ലൊറേറ്റ ഇ. ലിഞ്ച് പറഞ്ഞു. 12 വസ്തുക്കള്‍ ഇന്ത്യയിലേക്ക് അയച്ചതായും ബാക്കിയുള്ളവ അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ അരുണ്‍ കെ. സിങ് അറിയിച്ചു. 2007ല്‍ തുടങ്ങിയ ‘ഓപറേഷന്‍ ഹിഡന്‍ ഐഡള്‍ (ഒളിഞ്ഞിരിക്കുന്ന വിഗ്രഹം കണ്ടത്തെല്‍) അന്വേഷണത്തിന്‍െറ ഭാഗമായാണ് മോഷണവസ്തുക്കള്‍ കണ്ടത്തെിയതെന്ന് ആഭ്യന്തര സുരക്ഷാവിഭാഗം സെക്രട്ടറി ജെഹ് ജോണ്‍സണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘ആര്‍ട്ട് ഓഫ് ദ പാസ്റ്റ്’ ഗാലറി ഉടമ സുഭാഷ് കപുര്‍ ആണ് ഇത് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തത്.

മാര്‍ബ്ള്‍ ഗാര്‍ഡന്‍ ടേബ്ള്‍ സെറ്റ് എന്നപേരില്‍ കപ്പലില്‍ കൊണ്ടുവന്ന  സാധനങ്ങളെപ്പറ്റി ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നാണ് അന്വേഷണം നടത്തിയത്. നേരത്തേ ന്യൂയോര്‍ക് ആസ്ഥാനമാക്കി കലാവസ്തുക്കളുടെ വ്യാപാരം നടത്തിവന്ന സുഭാഷ് കപുര്‍ ഇപ്പോള്‍ ഇന്ത്യയില്‍ കസ്റ്റഡിയിലാണ്. നിരവധി രാജ്യങ്ങളില്‍നിന്ന് പുരാവസ്തുക്കളടക്കം കടത്തിയ കുറ്റത്തിനാണ് വിചാരണ നേരിടുന്നത്. അമേരിക്കയിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം കപുറിന്‍െറ ന്യൂയോര്‍ക്കിലെ ആര്‍ട്ട് ഗാലറിയിലും  ഗോഡൗണിലും പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.