യു.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി: തീരുമാനം ആര്‍.എസ്.എസിന് വിട്ടു

അലഹബാദ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാകാതെ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിക്ക് വേദിയൊരുക്കിയ അലഹബാദില്‍ നേതാക്കളുടെ പോസ്റ്റര്‍ യുദ്ധം.
വരുണ്‍ ഗാന്ധി, സ്മൃതി ഇറാനി, സ്വാമി ആദിത്യനാഥ് എന്നിവരുടെ അനുയായികളാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇവരെ ഉയര്‍ത്തിക്കാട്ടുന്നതരത്തില്‍ അലഹബാദില്‍ ഉടനീളം ബോര്‍ഡുകളും ബാനറുകളുംകൊണ്ട് പോരിനിറങ്ങിയത്. അതേസമയം, അനിശ്ചിതത്വം തീര്‍ക്കാന്‍ പാര്‍ട്ടി ഈ വിഷയം  ആര്‍.എസ്.എസിന് വിട്ടു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് നിര്‍വാഹക സമിതിയില്‍ തീരുമാനമുണ്ടാകില്ളെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച പ്രഖ്യാപനം പാര്‍ലമെന്‍ററി പാര്‍ട്ടിയിലാണുണ്ടാകുകയെന്നും അദ്ദേഹം  അറിയിച്ചു. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള വിമുഖത പരസ്യമായി പ്രകടിപ്പിച്ചതോടെയാണ് ഉന്നതനേതൃത്വം തീരുമാനം ആര്‍.എസ്.എസിന് വിട്ടതെന്ന് പ്രമുഖ ബി.ജെ.പി നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പിലുയര്‍ത്തേണ്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന നിര്‍വാഹക സമിതി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന പ്രഖ്യാപനം നടത്തില്ല. രാജ്നാഥ് പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയ സാഹചര്യത്തില്‍ ആര്‍.എസ്.എസിനേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് തീരുമാനം അടുത്തമാസം പ്രതീക്ഷിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
ബി.എസ്.പിയുടെ മായാവതിയെയും സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവിനെയും വെല്ലാന്‍ കെല്‍പുള്ള ഒരു നേതാവ് ഉത്തര്‍പ്രദേശിലില്ലാത്തതാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഇതാണ് നേതൃചര്‍ച്ച ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിലത്തെിച്ചതും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്നാണ് മുന്‍ യു.പി മുഖ്യമന്ത്രികൂടിയായ രാജ്നാഥിന്‍െറ പേര് ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്.
എന്നാല്‍, വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ തനിക്ക് താല്‍പര്യമില്ളെന്ന് രാജ്നാഥ് പരസ്യനിലപാടെടുക്കുകയായിരുന്നു. ഇതിനുശേഷവും രാജ്നാഥിനെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമം തുടരുകയാണ് ഉന്നതജാതിക്കാരായ യു.പിയിലെ പാര്‍ട്ടി നേതാക്കള്‍. അതേ തുടര്‍ന്നാണ് തീരുമാനം ആര്‍.എസ്.എസിന് വിട്ടത്.
ആര്‍.എസ്.എസ് നിര്‍ബന്ധിച്ചാല്‍ രാജ്നാഥ് സിങ് വഴങ്ങുകയോ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയെങ്കിലും ഏറ്റെടുക്കുകയോ ചെയ്യുമെന്നാണ് നേതൃത്വം ഇപ്പോഴും കരുതുന്നത്.
വരുണ്‍ ഗാന്ധി, സ്വാമി ആദിത്യനാഥ്,  സ്മൃതി ഇറാനി, മഹേഷ് ശര്‍മ തുടങ്ങിയ പേരുകളൊന്നും രാജ്നാഥിന് പകരം വെക്കാവുന്നവരല്ല. നേരത്തേ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന വരുണ്‍ ഗാന്ധിയെ പുന$സംഘടനയില്‍ അധ്യക്ഷന്‍ അമിത ഷാ പദവിയില്‍നിന്ന് നീക്കം ചെയ്തത് ഉത്തര്‍പ്രദേശ് മുന്നില്‍ കണ്ടാണെന്ന പ്രചാരണമാണ് ഒരുവിഭാഗം വരുണിനെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ കലാശിച്ചത്.
വരുണിന്‍െറ തീപ്പൊരി പ്രസംഗവും ഗാന്ധിപ്പേരും അനുകൂലിക്കുന്നവര്‍ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ പക്വതയില്ളെന്നാണ് പാര്‍ട്ടിക്കുള്ളിലെ എതിരാളികളുടെ വിമര്‍ശം. പുറത്തുനിന്നുള്ളവരാണെന്നതാണ് സ്മൃതി ഇറാനിക്കെതിരായ വാദം.
ദലിത്-ബ്രാഹ്മണ്‍ വോട്ടുബാങ്കുകളെ കൂടെനിര്‍ത്തിയായിരുന്നു ഇതിനുമുമ്പ് മായാവതി ഉത്തര്‍പ്രദേശില്‍ അധികാരത്തിലത്തെിയത്. ഈ രണ്ട് വോട്ടുകളെയും തങ്ങളോട് ചേര്‍ക്കാനാണ് ബി.ജെ.പിയുടെ പരിശ്രമമത്രയും.
ബി.എസ്.പിയുടെ ദലിത് വോട്ടുകള്‍ ചോര്‍ത്താമെന്ന കണുക്കൂകൂട്ടലിലാണ് കേശവ് പ്രസാദ് മൗര്യയെന്ന ദലിത് നേതാവിനെ ബി.ജെ.പി ഉത്തര്‍പ്രദേശ് ഘടകം സംസ്ഥാന പ്രസിഡന്‍റാക്കിയത്. മൗര്യയുടെ തട്ടകമായ അലഹബാദ് തന്നെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.
ബി.ജെ.പി ദലിതുകള്‍ക്കൊപ്പമാണ് എന്ന സന്ദേശം നല്‍കാമെന്നാണ് ഇതിലൂടെ ഉദ്ദേശിച്ചതെങ്കിലും പഴയ വോട്ട്ബാങ്കായ10 ശതമാനം വരുന്ന ബ്രാഹ്മണരില്‍ അതൃപ്തിയുണ്ടാക്കുന്നതിന് ഇത് കാരണമായി.
അസംതൃപ്തരായ ബ്രാഹ്മണരെ പ്രീതിപ്പെടുത്താനാണ് നിര്‍വാഹക സമിതിയുടെ തൊട്ടുതലേന്ന് ഉത്തര്‍പ്രദേശ് മുന്‍ സംസ്ഥാന പ്രസിഡന്‍റുകൂടിയായ ബ്രാഹ്മണ നേതാവ് ലക്ഷ്മികാന്ത് വാജ്പേയിയെ സമിതിയിലുള്‍പ്പെടുത്തിയത്.
എന്നാല്‍, ഇതുകൊണ്ടായില്ളെന്നും ഒരു ഉന്നതജാതിക്കാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് ഉത്തര്‍പ്രദേശിലെ പലനേതാക്കളും ആവശ്യപ്പെടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.