ന്യൂഡൽഹി: ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെ പേരും പരാമർശിക്കാനാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിൽ പ്രതിപക്ഷ സംസ്ഥാനങ്ങളെ പൂർണമായി അവഗണിച്ചെന്നും കസേര സംരക്ഷിക്കാൻ ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയെന്നുമുള്ള പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവർ. പ്രതിപക്ഷ വാക്കൗട്ടിന് പിന്നാലെയാണ് ധനമന്ത്രി രാജ്യസഭയെ അഭിസംബോധന ചെയ്തത്.
‘ജനാധിപത്യ മര്യാദയുടെ ഭാഗമായി പ്രതിപക്ഷം എനിക്ക് പറയാനുള്ള മറുപടി കേൾക്കാൻ ഇവിടെ നിൽക്കുമെന്ന് ഞാൻ കരുതിയിരുന്നു. ഞാൻ മിക്ക സംസ്ഥാനങ്ങളുടെയും പേര് പരാമർശിച്ചില്ലെന്നും രണ്ടെണ്ണത്തിന്റെ പേര് മാത്രമാണ് പറഞ്ഞതെന്നുമാണ് പ്രതിപക്ഷത്തെ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാണിച്ചത്. കോൺഗ്രസ് ഏറെ കാലം അധികാരത്തിലിരുന്നവരാണ്. അവർ നിരവധി ബജറ്റുകൾ അവതരിപ്പിച്ചിട്ടുമുണ്ട്. എല്ലാ ബജറ്റിലും ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാൻ അവസരം ലഭിക്കില്ലെന്ന് അവർക്ക് വ്യക്തമായി അറിയാം’ -നിർമല സീതാരാമൻ പറഞ്ഞു.
എൻ.ഡി.എ സർക്കാറിലെ സഖ്യകക്ഷികളായ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും സമ്മർദത്തിന് വഴങ്ങി ബിഹാറിനും ആന്ധ്ര പ്രദേശിനും ബജറ്റിൽ വാരിക്കോരി ഫണ്ട് നൽകിയെന്നും പ്രതിപക്ഷ സംസ്ഥാനങ്ങളെ പൂർണമായി അവഗണിച്ചെന്നും ചൂണ്ടിക്കാട്ടി ഇൻഡ്യ സഖ്യം ഇന്ന് പാർലമെന്റിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 27ന് നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷ മുഖ്യമന്ത്രിമാർ തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാട്, കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.