ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര ബജറ്റിലെ വിവേചനത്തിനെതിരെ ഇൻഡ്യ സഖ്യം പാർലമെന്‍റിൽ പ്രതിഷേധിച്ചു. ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ അംഗങ്ങൾ വോക്കൗട്ട് നടത്തി.
പാർലമെന്‍റ് അങ്കണത്തിൽ പ്രതിഷേധ ധർണയും നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരാണ് പാർലമെന്‍റ് വളപ്പിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
ബജറ്റിനെതിരെ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും ബഹളത്തോടെയാണ് തുടങ്ങിയത്. ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു.
പ്രതിഷേധത്തിൻ്റെ ഭാഗമായി, കോൺഗ്രസ് മുഖ്യമന്ത്രിമാരും ജൂലൈ 27ന് നടക്കാനിരിക്കുന്ന നിതി ആയോഗ് യോഗവും ബഹിഷ്‌കരിക്കും. "ഈ സർക്കാരിൻ്റെ നിലപാട് ഭരണഘടനാ തത്വങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. യഥാർത്ഥവും വിവേചനപരവുമായ നിറം മറയ്ക്കാൻ മാത്രം രൂപകൽപ്പന ചെയ്ത ഒരു പരിപാടിയിൽ ഞങ്ങൾ പങ്കെടുക്കില്ല. ഈ ഭരണത്തിൻ്റേതാണെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.
നേരത്തെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചത്.
കോൺഗ്രസ് എം.പിമാരായ രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്.പി) തലവൻ ശരദ് പവാർ, ശിവസേന (യു.ബി.ടി) എം.പിമാരായ സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഡി.എം.കെ എം.പിമാരായ ടി.ആർ. ബാലു, തിരുച്ചി ശിവ, ഝാർഖണ്ഡ് മുക്തി മോർച്ച എം.പി മഹുവ മാജി, തൃണമൂൽ കോൺഗ്രസ് എം.പി കല്യാണ് ബാനർജി, ആം ആദ്മി പാർട്ടി എം.പിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ന്യൂഡൽഹി: കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചക്ക് പാർലമെന്റിന്റെ ഇരുസഭകളും ബുധനാഴ്ച തുടക്കമിട്ടു. രാത്രി എട്ടുവരെ നീണ്ട ലോക്സഭയിലെ ചർച്ച നിരവധി തവണ ഇൻഡ്യ-എൻ.ഡി.എ എം.പിമാരുടെ പ്രതിഷേധത്തിലും ബഹളത്തിലും കലാശിച്ചു. സഭയിലെ ഒരംഗം ഭാര്യയെ ഉപേക്ഷിച്ചെന്ന തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ പരാമർശത്തെച്ചൊല്ലി തൃണമൂൽ-ബി.ജെ.പി എം.പിമാർ ഇരിപ്പിടങ്ങളിൽനിന്ന് മുന്നോട്ടുനീങ്ങി പോർവിളി മുഴക്കി. കൽക്കട്ട ഹൈകോടതി ജഡ്ജി സ്ഥാനം രാജിവെച്ച് ബി.ജെ.പി എം.പിയായ അഭിജിത് ഗംഗോപാധ്യായ കന്നി പ്രസംഗത്തിൽ വിഡ്ഢിയെ പോലെ സംസാരിക്കരുതെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയിയോട് പറഞ്ഞതും ഒച്ചപ്പാടിൽ കലാശിച്ചു.
കേന്ദ്ര ബജറ്റിലൂടെ കോൺഗ്രസ് പ്രകടനപത്രിക നടപ്പാക്കിയതിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് കുമാരി ഷെൽജയാണ് ലോക്സഭയിൽ ബജറ്റ് ചർച്ചക്ക് തുടക്കമിട്ടത്. മോദി ഗാരന്റിക്കു പകരം കോൺഗ്രസ് പ്രകടന പത്രികയിലെ കാര്യങ്ങൾ നടപ്പാക്കുകയാണെങ്കിൽ കാർഷിക വിളകളുടെ ചുരുങ്ങിയ താങ്ങുവിലക്ക് നിയമപ്രാബല്യം നൽകുകയും അഗ്നിവീർ നിർത്തലാക്കുകയും കൂടി ചെയ്യാമായിരുന്നുവെന്ന് ഷെൽജ ധനമന്ത്രി നിർമല സീതാരാമനോട് പറഞ്ഞു. കുർസി ബചാവോ ബജറ്റിൽ രണ്ട് സംസ്ഥാനങ്ങൾക്ക് നൽകിയതല്ലാതെ ഒന്നും കാണുന്നില്ലെന്ന് ഷെൽജ വിമർശിച്ചു.
ധനത്തെക്കാൾ കഥകൾ പറഞ്ഞ ബജറ്റായിരുന്നു നിർമലയുടേതെന്നും മോദിയുടെ രാഷ്ട്രീയ അതിജീവനത്തിനുള്ള കേന്ദ്ര സർക്കാറിന്റെ നിക്ഷേപമാണ് ബജറ്റ് എന്നും അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. ലോക്സഭയിൽ ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് പരസ്യ പോരിൽ ഇടപെട്ട് ബജറ്റിനെ കുറിച്ച് മാത്രം സംസാരിച്ചാൽ മതിയെന്ന് ലോക്‌സഭ സ്പീക്കർ ഓം ബിർള കൈക്കൊണ്ട നിലപാട് അഭിഷേക് ചോദ്യം ചെയ്തു. 60 വർഷം മുമ്പുള്ള ജവഹർലാൽ നെഹ്റുവിനെ കുറിച്ച് സഭയിൽ പറയാം ആറു വർഷം മുമ്പ് നരേന്ദ്ര മോദി നടത്തിയ കാര്യത്തെ കുറിച്ച് പറയരുത് എന്നതാണ് സ്പീക്കറുടെ നിലപാടെന്ന് തൃണമൂൽ നേതാവ് വിമർശിച്ചു. ഇൻഡ്യ പക്ഷത്തുനിന്ന് ശശി തരൂർ, ഡി.എം.കെ നേതാവ് ദയാനിധി മാരൻ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ ബജറ്റിനെ രൂക്ഷമായി വിമർശിച്ചപ്പോൾ സർക്കാർ പക്ഷത്തുനിന്ന് ബിബ്ലവ് ദേവും അഭിജിത് ഗംഗോപാധ്യായയും അടക്കമുള്ളവർ ബജറ്റിനെ ന്യായീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.