കെജ് രിവാളിന്‍െറ വസതിക്കു മുമ്പില്‍ ബി.ജെ.പി എം.പിയുടെ നിരാഹാര സമരം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍െറ വസതിക്കു മുമ്പില്‍ ബി.ജെ.പി എം.പിയുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. കിഴക്കന്‍ ഡല്‍ഹി എം.പി മഹേഷ് ഗിരിയാണ് സിവില്‍ ലൈനിലുള്ള കെജ് രിവാളിന്‍െറ വസതിക്കുമുന്നില്‍ നിരാഹാരം കിടക്കുന്നത്. ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍  ഓഫീസര്‍ എം.എം ഖാന്‍െറ കൊലപാതകത്തില്‍  തനിക്ക് പങ്കുണ്ടെന്ന കെജ് രിവാളിന്‍െറ ആരോപണം തെളിയിക്കണമെന്നാവശ്യപ്പെട്ടാണ് മഹേഷ് ഗിരിയുടെ നിരാഹാരം.

എം.എം ഖാന്‍െറ കൊലയില്‍ ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്‍െറ കരണ്‍ സിങ് തന്‍വാറിനും ഗിരിക്കും പങ്കുണ്ടെന്നും കേസില്‍ ഇവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് കെജ് രിവാള്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്കിന് കത്ത് നല്‍കിയിരുന്നു.
വിഷയത്തില്‍ പൊതു സംവാദത്തിന് കെജ് രിവാള്‍ തയാറാവണമെന്ന് ഗിരി വെല്ലുവിളിച്ചിരുന്നു. ജൂണ്‍ 16ന് കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബില്‍ വെച്ച് തനിക്കെതിരെയുള്ള തെളിവുകള്‍ പൊതുജന സമക്ഷം നിരത്താന്‍ കെജ്രിവാളിനെ ഗിരി ക്ഷണിച്ചിരുന്നു.  തനിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍  തയാറാണെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി രാജിവെക്കണമെന്നും ഗിരി ആവശ്യപ്പെട്ടു. എന്നാല്‍ കെജ്രിവാള്‍ ഗിരിയുടെ വെല്ലുവിളി ഏറ്റെടുത്തില്ല. തുടര്‍ന്ന് അനുയായികള്‍ക്കൊപ്പമത്തെി അദ്ദേഹത്തിന്‍െറ വസതിക്കുമുന്നില്‍ നിരാഹാരസമരം ആരംഭിക്കുകയായിരുന്നു.

ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസര്‍ എം.എം ഖാന്‍ മേയ് 16 ന് ജാമിയ നഗറില്‍  വെടിയേറ്റ് മരിച്ചത്. കൊണാര്‍ട്ട് പ്ളേസില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്‍െറ ഭൂമി പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പാണ് ഖാന്‍ കൊല്ലപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.