ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ നിരീക്ഷിക്കാന്‍ ഇന്‍റലിജന്‍സ് ബ്യൂറോയെ ദുരുപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് തൊട്ടുപിറ്റേന്ന് സോണിയയുടെ വസതിയായ 10 ജന്‍പഥിലേക്ക് ഒരു ഐ.ബിക്കാരനെ നരസിംഹ റാവു നിയോഗിച്ചു. തന്നെക്കുറിച്ച് ആരൊക്കെ പരാതിപ്പെടാന്‍ പോകുന്നു എന്നറിയുകയായിരുന്നു ലക്ഷ്യം. ആ വസതിക്കുള്ളില്‍ നടന്ന സംഭാഷണങ്ങള്‍പോലും ഐ.ബി റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രിയടക്കമുള്ളവര്‍ ബാബരി മസ്ജിദ് വിഷയം കൈകാര്യം ചെയ്ത രീതിയെ അര്‍ജുന്‍ സിങ്, ദിഗ്വിജയ് സിങ്, അജിത് ജോഗി, സലാമത്തുല്ല, അഹ്മദ് പട്ടേല്‍ തുടങ്ങിയവര്‍ എതിര്‍ത്തെന്നാണ് റിപ്പോര്‍ട്ടിലൂടെ ഐ.ബി അറിയിച്ചത്.
‘അര്‍ധസിംഹം: ഇന്ത്യയെ പി.വി. നരസിംഹ റാവു എങ്ങനെ മാറ്റി’ എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങള്‍. റാവുവിന്‍െറ സ്വകാര്യ എഴുത്തുകുത്തുകളുമായി വളരെ ബന്ധപ്പെട്ടിരുന്ന വിനയ് സീതാപതിയാണ് ഗ്രന്ഥകാരന്‍.
സോണിയ ഗാന്ധിയുമായുള്ള ബന്ധങ്ങള്‍ ഏറെ മോശമായ 1995 മേയില്‍ റാവു ഐ.ബിയോട് ആവശ്യപ്പെട്ടത് ലളിതമായൊരു ചോദ്യത്തിന് ഉത്തരമായിരുന്നുവെന്ന് പുസ്തകത്തില്‍ വിവരിക്കുന്നു. തന്‍െറ മന്ത്രിസഭയില്‍ കയറാന്‍ ആഗ്രഹിക്കുന്നവരില്‍ എത്രപേര്‍ തനിക്ക് അനുകൂലമാണ്, എത്രപേര്‍ 10 ജന്‍പഥിനോട് മമതയുള്ളവരാണ്?
അതിന് ഐ.ബി ലിസ്റ്റ് തയാറാക്കി നല്‍കി. ഉദാഹരണം ഇങ്ങനെ: മണിശങ്കര അയ്യര്‍, തമിഴ്നാട്, ബ്രാഹ്മണന്‍, പ്രായം 52, 10 ജന്‍പഥിന്‍െറ വേണ്ടപ്പെട്ടവന്‍, അയോധ്യ വിഷയം പ്രധാനമന്ത്രി കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ചയാള്‍. അടുത്ത പേര് മാര്‍ഗരറ്റ് ആല്‍വ, കര്‍ണാടക, ക്രിസ്ത്യന്‍, 53, റാവുവിനോട് മമത, രാഷ്ട്രീയമായി വലിയ റോളില്ല, പാര്‍ട്ടിയില്‍ പറ്റിയ സ്ഥാനം കൊടുക്കാമെങ്കില്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാം. അല്ളെങ്കില്‍ കര്‍ണാടകത്തിലെ ക്രിസ്ത്യന്‍ ലോബി എതിര്‍ക്കും.
നരസിംഹ റാവുവിനെ നിരീക്ഷിക്കാന്‍ സോണിയ കോണ്‍ഗ്രസുകാരെ ഉപയോഗിച്ചിരുന്നതായും പുസ്തകത്തില്‍ പറയുന്നു. രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം രണ്ടുവര്‍ഷം മൗനത്തിലായിരുന്ന സോണിയ പിന്നീട് റാവുവിനെതിരെ ഏതാനും കോണ്‍ഗ്രസ് നേതാക്കളെ വളര്‍ത്തി. അര്‍ജുന്‍ സിങ്, എന്‍.ഡി. തിവാരി, നട്വര്‍ സിങ് തുടങ്ങിയവര്‍ ഈ കൂട്ടത്തിലാണ്. മന്ത്രിസഭാ യോഗങ്ങളിലെ ചര്‍ച്ചകള്‍വരെ ചോര്‍ന്നു. സോണിയയോടുള്ള ഇടപെടല്‍ വളരെ സൂക്ഷിച്ചാണ് റാവു ചെയ്തിരുന്നത്. രാജീവ്വധം സംബന്ധിച്ച അന്വേഷണം ഇഴയുകയാണെന്ന് 1995 ആഗസ്റ്റില്‍ സോണിയ ആരോപിച്ചപ്പോള്‍പോലും റാവു പരസ്യവിമര്‍ശം നടത്തിയില്ല. പക്ഷേ, സോണിയയുടെ ഓരോ നീക്കവും നിരീക്ഷിച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം സോണിയയുമായി ഒരടുപ്പവും പുലര്‍ത്താന്‍ റാവുവിന് കഴിഞ്ഞില്ല. ’98നു ശേഷം റാവുവിനെ കോണ്‍ഗ്രസില്‍നിന്നുതന്നെ തുടച്ചുനീക്കാനുറച്ച നടപടികളാണ് സോണിയയില്‍നിന്ന് ഉണ്ടായത്. 2004ല്‍ മരിച്ചപ്പോള്‍ ഡല്‍ഹിയില്‍ സംസ്കാരം നടത്തണമെന്ന് കുടുംബാംഗങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ, ഹൈദരാബാദില്‍ സംസ്കരിക്കപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കി. എ.ഐ.സി.സി ആസ്ഥാനത്ത് മൃതദേഹം കയറ്റുകപോലും ചെയ്തില്ല. ഗേറ്റിന്‍െറ താഴു തുറക്കാന്‍ അനുവാദമുണ്ടായിരുന്നില്ളെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.