എന്‍.എസ്.ജി അംഗത്വം ഉറപ്പ് -മോദി

ന്യൂഡല്‍ഹി: ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പായ എന്‍.എസ്.ജിയില്‍ ഇന്ത്യക്ക് അംഗത്വം കിട്ടുമെന്ന് തികഞ്ഞ ബോധ്യമുണ്ടെന്നും ഇക്കാര്യത്തില്‍ ഗുണപരമായ തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് അംഗത്വം കിട്ടാന്‍ ഈ സര്‍ക്കാര്‍ മാത്രമല്ല, ഓരോ സര്‍ക്കാറും ശ്രമം നടത്തിയിട്ടുണ്ട്. അതൊരു തുടര്‍പ്രക്രിയയാണ്. എല്ലാറ്റിനും വ്യവസ്ഥകളുണ്ട്. അതനുസരിച്ച് പ്രവര്‍ത്തിച്ച് മുന്നോട്ടുപോകും -മോദി പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ ആദ്യമായി നല്‍കിയ ടി.വി ചാനല്‍ അഭിമുഖത്തില്‍ ‘ടൈംസ് നൗ’വിനോട് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

മനോഭാവം മാറ്റിയെടുക്കുക എന്നതല്ല, പൊതുവായി യോജിക്കാവുന്നവ കണ്ടത്തെുക എന്നതാണ് വിദേശനയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ എവിടെ, എത്രത്തോളം ഒന്നിപ്പിക്കാനാവും എന്നതാണ് വിഷയം. ഓരോ രാജ്യവുമായി നമ്മള്‍ ചര്‍ച്ച നടത്തേണ്ടതുണ്ട്.
പാകിസ്താനുമായുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുമായാണോ മറ്റാരെങ്കിലുമായാണോ ചര്‍ച്ച നടക്കേണ്ടത് എന്നതാണ് പ്രധാന സംഗതി. എല്ലാ ഘട്ടത്തിലും ഇന്ത്യ ജാഗ്രത പാലിക്കേണ്ടതുണ്ട്. തന്‍െറ ലാഹോര്‍ സന്ദര്‍ശനവും പാക് പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതുമൊക്കെ ഫലപ്രാപ്തി ഉണ്ടാക്കിയിട്ടുണ്ട്.

ചൈനയുമായുള്ള സംഭാഷണപ്രക്രിയ തുടരും. ചൈനയുമായി നിരവധി വിഷയങ്ങളുണ്ട്. ചില വിഷയങ്ങള്‍ അവര്‍ക്ക് താത്ത്വികമാണ്, നമുക്കും അതെ.
മുന്‍ സര്‍ക്കാറിന്‍െറ കാലത്തെ പ്രവര്‍ത്തനങ്ങളില്‍ അഴുക്കു പുരണ്ടിരുന്നുവെന്ന് മോദി പറഞ്ഞു. കാണാന്‍പറ്റാത്ത പല കാര്യങ്ങളുമുണ്ട്. അഴുക്കില്‍നിന്ന് ഓരോന്ന് പൊക്കിയെടുക്കാന്‍ താന്‍ നേരിടുന്ന പ്രയാസം ഒരാള്‍ക്കും ഊഹിക്കാന്‍ കഴിയില്ല. അവിടെ പ്രവര്‍ത്തിക്കുന്നവര്‍ക്കറിയാം, അഴുക്ക് എന്തുമാത്രമുണ്ടെന്ന്. അതിനു പിന്നില്‍ ചില ശക്തികളുണ്ട്. അഗസ്റ്റ ഹെലികോപ്ടറിന്‍െറ കാര്യമെടുക്കാം. അതിനു പിന്നില്‍ തഴക്കമുള്ള കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. വഴിവിട്ടു ചെയ്യുന്നതില്‍ നല്ല വഴക്കമുള്ളവര്‍. ഒരു രക്ഷാകവചമില്ലാതെ ഇതൊന്നും ചെയ്യാന്‍ കഴിയില്ല. അന്വേഷണം എത്ര പോകുമെന്ന് നോക്കാം. ആരാണ് പിന്നിലുള്ളത് എന്നൊക്കെ പ്രഫഷനല്‍ രീതിയിലൂടെ പുറത്തുവരും.

സ്വന്തം നര്‍മബോധത്തെക്കുറിച്ചും മോദി സംസാരിച്ചു. നര്‍മം ഇഷ്ടമാണ്. തന്‍െറ പ്രസംഗങ്ങള്‍ നര്‍മം കലര്‍ന്നതാണ്. പക്ഷേ, ഇക്കാലത്ത് അപകടംപിടിച്ച ഒന്നാണ് നര്‍മബോധം. മുഴുസമയ വാര്‍ത്താചാനലുകളുടെ ഇക്കാലത്ത്, ആര്‍ക്കും ചെറിയൊരു വാക്കെടുത്ത് വലിയൊരു വിഷയമാക്കാം. ഈ പേടികൊണ്ടാണ് പൊതുരംഗത്ത് തമാശ പറയാന്‍ താന്‍ മടിക്കുന്നത്. പാര്‍ലമെന്‍റിലും നര്‍മബോധം ഇല്ലാതായെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.