ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് അനുസൃതമല്ല –കാരാട്ട്

തിരുവനന്തപുരം: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് തന്ത്രം പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ അടവ് നയത്തിനും കേന്ദ്ര കമ്മിറ്റി തീരുമാനത്തിനും അനുസൃതമായിരുന്നില്ളെന്ന് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസിനെ ഒരു ജനാധിപത്യ പാര്‍ട്ടിയായി തങ്ങളുടെ പ്രമേയത്തില്‍ പോലും പറയുന്നില്ളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നിലപാട് തിരുത്തണമെന്നും ഭാവിയില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യമോ ധാരണയോ പാടില്ളെന്നും ബംഗാള്‍ ഘടകത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതു പശ്ചിമബംഗാളില്‍ നടപ്പാക്കും. ഫെബ്രുവരിയിലെ കേന്ദ്ര കമ്മിറ്റി തീരുമാനം വളരെ വ്യക്തമാണ്. ഒന്ന്-കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ല. രണ്ട്-തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ എല്ലാ ജനാധിപത്യ ശക്തികളുടെയും സഹകരണം തേടും.

കോണ്‍ഗ്രസ് ഇതര ജനാധിപത്യ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരുക എന്നാണ് പാര്‍ട്ടി പറഞ്ഞത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഒരു ആശയക്കുഴപ്പവും അവ്യക്തതയും ഇല്ല. ഇത് അന്ന് പരസ്യപ്പെടുത്തിയില്ളെന്നേയുള്ളൂ. ബി.ജെ.പി-ആര്‍.എസ്.എസ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനോടുള്ള നിലപാട് പുന$പരിശോധിക്കുമോയെന്ന ചോദ്യത്തിന് നയം രൂപവത്കരിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചേരുമ്പോള്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷമായിരുന്നെന്നായിരുന്നു മറുപടി.
കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിന് വന്‍പിന്തുണയാണ് യോഗത്തില്‍ ലഭിച്ചത്. മലയാളം ദിനപത്രങ്ങളില്‍ ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ കൃത്യമായിരുന്നു.

കോണ്‍ഗ്രസുമായി ബന്ധം ഉണ്ടാക്കിയ ബംഗാള്‍ ഘടകത്തിന്‍െറ നിലപാട് ഉചിതമല്ല എന്ന നിലപാടിനൊപ്പവും അതു തിരുത്തണമെന്നുമായിരുന്നു മഹാഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ജഗ്മതി പരസ്യമായി രാജിവെക്കുന്നെന്ന് പറഞ്ഞതിനാലാണ് പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്നിഹിതനായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.