തെലങ്കാനയില്‍ 11 ജഡ്ജിമാര്‍ക്ക് സസ്പെന്‍ഷന്‍

ഹൈദരാബാദ്: ഹൈദരാബാദ് ഹൈകോടതി വിഭജിക്കണമെന്നാവശ്യപ്പെട്ട് തെലങ്കാനയില്‍ കീഴ്കോടതി ജഡ്ജിമാരുടെ പ്രതിഷേധം കത്തുന്നു. തെലങ്കാന ജഡ്ജസ് അസോസിയേഷന്‍ നേതാക്കള്‍ ഉള്‍പ്പെടെ 11 ജഡ്ജിമാരെ ഹൈദരാബാദ് ഹൈകോടതി സസ്പെന്‍ഡ് ചെയ്തു. ഹൈകോടതി നടപടിയില്‍ പ്രതിഷേധിച്ച് ജഡ്ജിമാര്‍ കൂട്ടത്തോടെ 15 ദിവസത്തെ അവധിക്ക് അപേക്ഷ നല്‍കാന്‍ തീരുമാനിച്ചു. 125 ജഡ്ജിമാര്‍ അസോസിയേഷന് രാജിക്കത്ത് നല്‍കി. രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കാന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. രവീന്ദര്‍ റെഡ്ഡിയോട് അവര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച സംസ്ഥാനത്ത് അസോസിയേഷന്‍ ബന്ദിന് ആഹ്വാനം ചെയ്തു. ജില്ലാ ജഡ്ജിമാര്‍ മുതല്‍ ജൂനിയര്‍ സിവില്‍ ജഡ്ജിമാര്‍ വരെ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

ജഡ്ജിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയെ തെലങ്കാന ഹൈകോടതി അഭിഭാഷക അസോസിയേഷനും അപലപിച്ചു. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ദിലീപ് ബി. ഭോസാലെയെ പിന്‍വലിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടും രാഷ്ട്രപതിയോടും ആവശ്യപ്പെടുന്ന പ്രമേയവും അസോസിയേഷന്‍ പാസാക്കി.

മേയ് മൂന്നിന് ഹൈദരാബാദ് ഹൈകോടതി പുറത്തിറക്കിയ തെലങ്കാനയിലെ കോടതികളിലേക്കുള്ള ജഡ്ജിമാരുടെ കരട് പട്ടികയില്‍ 135 പേരും ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ്. തെലങ്കാനയിലെ കോടതികളില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ജഡ്ജിമാരെ നിയമിക്കുന്നതിനെ തെലങ്കാനയിലെ ജഡ്ജിമാര്‍ അപലപിച്ചു. ഇതേതുടര്‍ന്നാണ് ഹൈകോടതി വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായത്.

ജൂണ്‍ ആറു മുതല്‍ അഭിഭാഷകര്‍ ബഹിഷ്കരണവും നിരാഹാര സമരവുമായി പ്രതിഷേധിക്കുകയാണ്. പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജഡ്ജസ് അസോസിയേഷന്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹത്തിന് നിവേദനം നല്‍കി. അതിനിടെ, വാരഗല്‍ കോടതിയില്‍ അഭിഭാഷകര്‍ കോടതി ആക്രമിച്ച് സെഷന്‍സ് ജഡ്ജിയെ കൈയേറ്റം ചെയ്തു. തെലങ്കാനയില്‍നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം.

സംഭവം കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തമ്മിലെ വാഗ്യുദ്ധത്തിനും കാരണമായി. സംസ്ഥാന വിഭജനം നടന്ന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഹൈകോടതി വിഭജിക്കാത്ത കേന്ദ്രസര്‍ക്കാറാണ് സംഘര്‍ഷത്തിന് കാരണക്കാരെന്ന് ഭരണകക്ഷിയായ ടി.ആര്‍.എസ് കുറ്റപ്പെടുത്തി. എന്നാല്‍, ടി.ആര്‍.എസിന്‍െറ ആരോപണം കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ തള്ളി. ഹൈകോടതി വിഭജനത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ളെന്നും വിഷയത്തില്‍ കേന്ദ്രത്തെ അനാവശ്യമായി കുറ്റപ്പെടുത്തുന്നത് പൊറുപ്പിക്കാനാവാത്തതുമാണെന്നും ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. അടിസ്ഥാന സൗകര്യം നല്‍കിയാല്‍ കേന്ദ്രം ഹൈകോടതി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഹൈകോടതി വിഭജിക്കണമെന്ന് ടി.ആര്‍.എസ് പാര്‍ലമെന്‍റില്‍ തന്നെ ആവശ്യപ്പെട്ടിരുന്നതായും കേന്ദ്രം ഗൗനിച്ചില്ളെന്നും പാര്‍ട്ടി എം.പിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്‍െറ മകളുമായ കെ. കവിത പറഞ്ഞു. ആവശ്യമുന്നയിച്ച് താനും പിതാവും ഡല്‍ഹിയില്‍ ധര്‍ണ നടത്താന്‍ ഉദ്ദേശിച്ചിരുന്നതായും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.