പട്യാല: നാലാം സ്റ്റേജിലെത്തിയ അർബുദം ഭേദമാക്കാൻ സാധിച്ചത് ഭാര്യ കൃത്യമായ ഭക്ഷണക്രമം പാലിച്ചിട്ടാണെന്ന പ്രസ്താവനയിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു. ഇത്തരം അവകാശവാദങ്ങൾക്ക് തെളിവില്ലെന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം പറഞ്ഞതിനെ തുടർന്നാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് ഭഷണക്രമം നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ ഡയറ്റ് പ്ലാനും തന്‍റെ സമൂഹമാധ്യമത്തിൽ നവ്ജ്യോത് സിങ് സിദ്ദു പങ്കുവെച്ചു. ഡോക്ടർമാർ തനിക്ക് ദൈവത്തെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ കാൻസർ യാത്രയിൽ ശസ്ത്രക്രിയകളും കിമോയും മറ്റ് തെറാപ്പികളുമെല്ലാം ഉണ്ടായിരുന്നു. ഇന്ത്യൻ ആയുർവേദത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കർശനമായ ഭക്ഷണക്രമവും പിൻതുടർന്നതായി അദ്ദേഹം വ്യക്തമാക്കി.
അർബുദ ബാധിതയായപ്പോൾ നാരങ്ങ വെള്ളത്തില്‍ പച്ചമഞ്ഞളും ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത് കുടിച്ചാണ് ഭാര്യയുടെ ഒരു ദിനം ആരംഭിക്കുന്നതെന്നാണ് സിദ്ദു പറഞ്ഞത്. അരമണിക്കൂറിന് ശേഷം പത്ത് മുതല്‍ 12വരെ വേപ്പില കഴിക്കും. പുളിപ്പുള്ള പഴങ്ങളും മത്തങ്ങ, മാതളനാരങ്ങ, കാരറ്റ്, അംല, ബീറ്റ്‌റൂട്ട്, വാല്‍നട്ട് എന്നിവയുടെ ജ്യൂസുകളും നവജ്യോത് കൗറിന്റെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ബെറികള്‍ ക്യാന്‍സറിനുള്ള മികച്ച ഔഷധമാണെന്നും സിദ്ദു പറഞ്ഞു. പി.എച്ച് ലെവൽ 7 ഉള്ള വെള്ളം മാത്രമേ ഭാര്യ കുടിച്ചിരുന്നുള്ളൂവെന്നും സിദ്ദു പറയുകയുണ്ടായി.
സിദ്ദുവിനെതിരെ മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ 262 ഓങ്കോളജിസ്റ്റുമാരുടെ സംഘമാണ് രംഗത്തുവന്നത്. മഞ്ഞളും വേപ്പിലയും കഴിച്ചാൽ അർബുദം ഭേദമാകുന്നുവെന്നതിനെ സാധൂകരിക്കുന്ന ഒരു തെളിവുമില്ലെന്നും ഡോക്ടർമാർ കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളിൽ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം അർബുദം തടയാൻ പര്യാപ്തമാണെന്നതിന് ക്ലിനിക്കൽ തെളിവുകളില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.