ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വശ്രമം തടഞ്ഞത് ശരിയെന്ന് ചൈനീസ് മാധ്യമം

ബെയ്ജിങ്: ആണവദാതാക്കളുടെ ഗ്രൂപ്പി(എന്‍.എസ്.ജി)ല്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമം തടഞ്ഞത് ധാര്‍മികമായി ശരിയായ നടപടിയാണെന്ന് ചൈനീസ് മാധ്യമം. ചൈനയല്ല, നിയമങ്ങളാണ് ഇന്ത്യയുടെ 48 അംഗ ഗ്രൂപ്പില്‍ ചേരാനുള്ള ശ്രമങ്ങളെ തടഞ്ഞതെന്നും ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ളോബല്‍ ടൈംസ് എഡിറ്റോറിയലില്‍ പറയുന്നു. ചൈനയടക്കമുള്ള  രാജ്യങ്ങള്‍ എതിര്‍ത്തത് ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ എന്‍.എസ്.ജിയില്‍ അംഗമാകുന്നതിനെയാണ്. ഇന്ത്യ എന്‍.പി.ടിയില്‍ ഒപ്പുവെച്ചിട്ടില്ല, എന്നാല്‍, എന്‍.എസ്.ജിയില്‍ അംഗമാകാന്‍ ശ്രമിക്കുന്ന ഏറ്റവും സജീവാംഗമാണ്. സോളില്‍ യോഗം നടക്കുന്നതിന് മുമ്പ് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ ചൈനയൊഴികെ 47 രാജ്യങ്ങളും ഇന്ത്യക്ക് പച്ചക്കൊടി കാണിച്ചതായി പ്രചാരണം നടത്തി. എന്‍.പി.ടിയില്‍ ഒപ്പുവെക്കാതെ എന്‍.എസ്.ജിയില്‍ അംഗമാകാന്‍ ശ്രമിക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ. മൂല്യങ്ങള്‍ പരിഗണിച്ച് ഇന്ത്യയുടെ ശ്രമം തടയുക എന്നത് ചൈനക്കും മറ്റു രാജ്യങ്ങള്‍ക്കും ധാര്‍മികമായി ശരിയായ കാര്യമാണ് -എഡിറ്റോറിയല്‍ പറഞ്ഞു. എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ച പത്രം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ളതാണ്.

അടുത്തകാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചൈനക്കെതിരായി നീങ്ങുകയും ചെയ്യുകയാണെന്ന് പത്രം ആരോപിക്കുന്നുണ്ട്. ഇന്ത്യയുടെ ജി.ഡി.പി ചൈനയുടേതിന്‍െറ 20 ശതമാനം മാത്രമേ വരൂ. എന്നിട്ടും ചില പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കണ്ണില്‍ ഇന്ത്യ ‘സുവര്‍ണ ബാലനാ’ണ്. മുഖസ്തുതികള്‍ ഇന്ത്യയെ അന്താരാഷ്ട്ര കാര്യങ്ങളില്‍ കുറച്ച് ആത്മപ്രശംസയിലേക്ക് നയിച്ചിട്ടുണ്ട് -പത്രം ആരോപിക്കുന്നു.
എന്‍.എസ്.ജി ശ്രമം പരാജയപ്പെട്ടതിന് ശേഷം ഇന്ത്യന്‍ മാധ്യമങ്ങളും പൊതുസമൂഹവും സ്വീകരിച്ച നിലപാടില്‍ നീരസം പ്രകടിപ്പിക്കുന്ന പത്രം, സര്‍ക്കാറിന്‍െറ നിലപാട് മാന്യമായിരുന്നു എന്ന് വിലയിരുത്തുന്നു. ഇന്ത്യന്‍ ദേശീയവാദികള്‍ എങ്ങനെ പെരുമാറണമെന്ന് പഠിക്കട്ടെ. പ്രമുഖ രാഷ്ട്രങ്ങള്‍ എങ്ങനെയാണ് കരുക്കള്‍ നീക്കുന്നതെന്ന് അറിയുകയാണ് ഇന്ത്യയെ പ്രബലരാഷ്ട്രമാക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ ചെയ്യേണ്ടതെന്നും പത്രം പറയുന്നു. അമേരിക്കയുടെ പിന്തുണയുണ്ടെന്നത് ലോകത്തിന്‍െറ മുഴുവന്‍ പിന്തുണയാണെന്ന് ഇന്ത്യ ധരിക്കരുതെന്നും പത്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.