നിലംനികത്തൽ ഉത്തരവ് പിൻവലിക്കണമെന്ന് സുധീരൻ

തിരുവനന്തപുരം: പാർട്ടിയുമായി ആലോചിക്കാതെ വിവാദ തീരുമാനങ്ങൾ എടുക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും കെ.പി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍റെ നിർദേശം. മെത്രാൻ കായലിലെ 425 ഏക്കർ നികത്തലുമായി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുധീരന്‍റെ ആവശ്യം.

പാർട്ടിയുമായി ആലോചിക്കാതെയാണ് തീരുമാനം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാരോ പാർട്ടിയോ വിവാദങ്ങളിൽ ഉൾപ്പെടാതെ ശ്രദ്ധിക്കണം. നിലം നികത്താൻ നൽകിയ അനുമതി പൻവലിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. പാർട്ടിയുമായി ആലോചിക്കാതെ ഇത്തരം തീരുമാനങ്ങൾ എടുക്കരുതെന്ന കെ.പി.സി.സി ഉപസമിതി തീരുമാനത്തിന് വിരുദ്ധമാണ് ഉത്തരവെന്നും സുധീരൻ പറഞ്ഞു.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം- 2008 അട്ടിമറിച്ച് കുട്ടനാട്ടില്‍ കുമരകം മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നെല്‍വയല്‍ നികത്താൻ മാർച്ച് ഒന്നിന് റവന്യൂവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേയാണ് ഉത്തരവിറക്കിയത്. 2200 കോടി രൂപ നിക്ഷേപം വരുന്ന പദ്ധതി സംസ്ഥാന ടൂറിസത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിത്തരുമെന്നും ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നതിന് അനുകൂലമായി കോട്ടയം ജില്ലാ കലക്ടര്‍ ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നുമാണ് സര്‍ക്കാറിന്‍റെ വാദം. എന്നാല്‍ മെത്രാന്‍ കായല്‍, പൊന്നാടന്‍ കായല്‍ തുടങ്ങിയ തരിശ് പാടശേഖരങ്ങള്‍ കൃഷിചെയ്യാന്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുമ്പോഴാണ് ടൂറിസം പദ്ധതിക്ക് കൈമാറിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.