സൂഫി ഫോറത്തില്‍ കാന്തപുരവും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയാക്കി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ‘ലോക സൂഫി ഫോറ’ത്തില്‍ കേരളത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കും. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന സെഷനില്‍ മോദിക്കൊപ്പം കാന്തപുരവുമുണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വൈകീട്ട് നാലു മണിക്ക് നടക്കുന്ന ഉദ്ഘാടന സെഷനില്‍ ഓള്‍ ഇന്ത്യാ ഉലമ ആന്‍ഡ് മശായിഖ് ബോര്‍ഡ് (എ.ഐ.യു.എം.ബി) പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് അശ്റഫ് കച്ചുച്ച്വി അധ്യക്ഷത വഹിക്കും. ഈജിപ്ത് മുഫ്തി ഇബ്രാഹീം അബ്ദുല്‍ കരീം അല്ലാം, യമനിലെ മുഹമ്മദ് ബിന്‍ യഹ്യ അല്‍നിനവി, തുര്‍ക്കിയിലെ ഡോ. ഹസന്‍ കാമില്‍ യില്‍മാസ്, ജോര്‍ഡനിലെ ഡോ. അബ്ദുര്‍റഹീം, ബംഗ്ളാദേശിലെ മീസാനുര്‍റഹ്മാന്‍, ഡോ. സയ്യിദ് അലീം അശ്റഫ് (ഖാന്‍ഖാഹേ അശ്റഫിയ, ജെയ്സ്), സയ്യിദ് സിബ്തൈന്‍ ഹൈദര്‍ (ഖാന്‍ഖാഹേ ബര്‍കതിയ, മരെഹ്റ), അതീഫ് (ഖാന്‍ഖാഹേ ഖാദിരിയ, ബദായൂന്‍) സയ്യിദ് തന്‍വീര്‍ (ഖാന്‍ഖാഹേ ഹാശ്മി, ബീജാപുര്‍) എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. വെള്ളി, ശനി  ദിവസങ്ങളില്‍ ഇന്ത്യാ ഇസ്ലാമിക് സെന്‍ററില്‍ അന്താരാഷ്ട്ര സൂഫി സെമിനാര്‍ നടക്കും. 20ന് രാംലീല മൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തില്‍ ഫോറത്തിന്‍െറ പ്രസ്താവനയുമുണ്ടാകും.  
സൂഫി സമ്മേളനത്തിനെതിരെ ഓള്‍ ഇന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ മഹാരാഷ്ട്ര ഘടകം ബറേല്‍വി ശരീഫ്, ബദായൂന്‍ ശരീഫ്, ജാമിഅ അശ്റഫിയ മുബാറക്പുര്‍ തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.