വിവാദ മുദ്രാവാക്യം മുഴക്കിയത് പുറത്തു നിന്നെത്തിയവര്‍

ന്യൂഡല്‍ഹി: ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത് കാമ്പസിനു പുറത്തുനിന്നത്തെിയവരെന്ന് ജെ.എന്‍.യു ഉന്നതതല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. മുഖം മറച്ചത്തെിയ ചിലരാണ് മുദ്രാവാക്യം മുഴക്കിയതെങ്കിലും അത്തരമാളുകള്‍ക്ക് ചടങ്ങില്‍ കടന്നുകൂടാനും അവരുടെ ആഗ്രഹങ്ങള്‍ നടപ്പാക്കാനും അവസരം നല്‍കിയത് സംഘാടകരുടെ വീഴ്ചയാണെന്നും പ്രഫ. രാകേഷ് ഭട്നാഗര്‍ അധ്യക്ഷനായ അഞ്ചംഗ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.  വിവാദ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കിടയില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ കണ്ടതായി വിവരമില്ളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ കടുത്ത വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഇപ്പോള്‍ അറസ്റ്റിലുള്ള ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ പരിപാടിക്ക് അനുമതി തേടുന്നതില്‍ വേണ്ട നടപടിക്രമങ്ങള്‍ വേണ്ടവിധം പാലിച്ചില്ല. അനുമതി നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത സര്‍വകലാശാല അധികൃതരുടെ നിലപാടും വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചു. കഴിഞ്ഞ വര്‍ഷവും സമാനമായ ചടങ്ങ് നടക്കുകയും വിദ്യാര്‍ഥികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ഇക്കുറി അനുമതി നല്‍കേണ്ടതില്ലായിരുന്നു എന്ന നിരീക്ഷണമാണ് സമിതി മുന്നോട്ടുവെക്കുന്നത്. അനുമതി നല്‍കിയ ഡീന്‍ റദ്ദാക്കിയ വിവരം വിദ്യാര്‍ഥികള്‍ക്ക് എഴുതി നല്‍കുന്നതിനു പകരം സെക്യൂരിറ്റി ഒഫിസറെ എസ്.എം.എസ് മുഖേനയാണ് അറിയിച്ചത്.

ചടങ്ങ് നടക്കുന്ന സമയം ഡീന്‍ സ്ഥലത്തില്ലാഞ്ഞതും വീഴ്ചയായി എണ്ണുന്നു. വിവാദ മുദ്രാവാക്യം വിളിക്കുന്നവരെ തടയാതിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അവര്‍ക്ക് കാമ്പസ് വിട്ടുപോകാനും അവസരം നല്‍കിയെന്നും കുറ്റപ്പെടുത്തുന്നു. അതിനിടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ 21 വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി പറയാനുള്ള സമയം വെള്ളിയാഴ്ച വരെ നീട്ടി. വിദ്യാര്‍ഥികളുടെ മറുപടിയുടെ അടിസ്ഥാനത്തിലാവും നടപടി തീരുമാനിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.