ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സംഘടിപ്പിച്ച അഫ്സല്‍ ഗുരു അനുസ്മരണത്തിന്‍െറ പേരില്‍ നടന്ന മാധ്യമവിചാരണ ജീവിതം തകിടംമറിച്ചുവെന്ന പരാതിയുമായി ദലിത് വിദ്യാര്‍ഥി ദേശീയ പട്ടികജാതി-വര്‍ഗ കമീഷനെ സമീപിച്ചു. ദേശദ്രോഹ മുദ്രകുത്തപ്പെട്ട് സസ്പെന്‍ഷനിലായി കാമ്പസില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്ന സംഘത്തിലെ വിദ്യാര്‍ഥിയൂനിയന്‍ മുന്‍ വൈസ് പ്രസിഡന്‍റ് അനന്ത് പ്രകാശ് നാരായണ്‍ ആണ് സീ ന്യൂസ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തത്തെിയത്. ദലിത് സമൂഹത്തില്‍നിന്ന് ഏറെ കഷ്ടതകളും യാതനകളും താണ്ടിയാണ് ഉന്നതവിദ്യാഭ്യാസം തേടാന്‍ ജെ.എന്‍.യുവില്‍ എത്തിയത്. സാമൂഹികനീതി ഉറപ്പാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് താന്‍.
ഒരു വിദ്യാര്‍ഥിക്കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിനുള്ള അനുമതി അവസാനനിമിഷം റദ്ദാക്കിയതിനെതിരെ പ്രതിഷേധവുമായാണ് മറ്റു പലര്‍ക്കുമൊപ്പം സംഭവസ്ഥലത്ത് എത്തിയതെന്ന് കമീഷന്‍ ചെയര്‍മാന് എഴുതിയ കത്തില്‍ അനന്ത് വ്യക്തമാക്കുന്നു. എന്നാല്‍, പിറ്റേദിവസം മുതല്‍ സീ ന്യൂസിന്‍െറ നേതൃത്വത്തില്‍ ദേശദ്രോഹിവിളി ആരംഭിച്ചതോടെ തന്‍െറയും കൂട്ടുകാരുടെയും ജീവിതം കടുത്ത ദുരിതത്തിലായി. രോഹിത് വെമുല അഭിമുഖീകരിച്ചതിന് സമാനമായ കാമ്പയിനാണ് തനിക്കെതിരെ നടന്നതെന്നും ഭീകരവാദികളുടെ കൂട്ടുകാരായി വിശേഷിപ്പിക്കപ്പെട്ടതോടെ ആള്‍ക്കൂട്ടത്തിന്‍െറ ആക്രമണത്തിനിരയാവാന്‍ വഴിയൊരുങ്ങിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. വ്യാജപ്രചാരണത്തിന് നേതൃത്വം നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നാണ് മുഖ്യ ആവശ്യം. അതിനിടെ, ഉന്നതതല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശംപോലുമില്ലാത്ത തന്നെ അകാരണമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നെന്നു കാണിച്ച് ഒരു വിദ്യാര്‍ഥിനിയും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. അന്താരാഷ്ട്ര പഠനകേന്ദ്രത്തിലെ അവസാനവര്‍ഷ എം.എ വിദ്യാര്‍ഥിനി ഐശ്വര്യ അധികാരിയാണ് സസ്പെന്‍ഷന്‍ പഠനത്തെയും ജീവിതത്തെയും ബാധിച്ചുവെന്ന് വ്യക്തമാക്കിയത്. വിദ്യാര്‍ഥിശബ്ദങ്ങളെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് തന്നെ വലിച്ചിഴച്ച് ശിക്ഷിച്ചതെന്ന് അവര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.