മനുസ്മൃതി കത്തിച്ച സംഭവം: ഇടതു വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: അഫ്സല്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടി പ്രഖ്യാപിക്കാനിരിക്കെ ഈ മാസം നടന്ന മറ്റൊരു പ്രതിഷേധ ചടങ്ങിന്‍െറ പേരിലും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ജാതീയവും സ്ത്രീവിരുദ്ധവുമായ ഭാഗങ്ങള്‍ എന്നാരോപിച്ച് മനുസ്മൃതിയുടെ ചില പേജുകള്‍ കാമ്പസില്‍ കത്തിച്ച വിദ്യാര്‍ഥികളില്‍ ചിലര്‍ക്കാണ് കത്തു ലഭിച്ചത്.
എന്നാല്‍ സെക്യൂരിറ്റി ഒഫീസര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ എന്നവകാശപ്പെടുത്ത കത്തില്‍ ചടങ്ങേതെന്ന് വ്യക്തമാക്കുന്നില്ല. മാര്‍ച്ച് എട്ടിന് വൈകീട്ട് സബര്‍മതി ദാബയില്‍ നടന്ന പരിപാടിയുമായുള്ള ബന്ധം വ്യക്തമാക്കുക എന്നാണ് ചീഫ് പ്രോക്ടറുടെ ഒഫീസില്‍ നിന്ന് അയച്ച കത്തില്‍ നിര്‍ദേശിക്കുന്നത്.
മാര്‍ച്ച് 21ന് പ്രോക്ടര്‍ മുന്‍പാകെ സ്വന്തം വാദം അവതരിപ്പിക്കണമെന്നും തെളിവുകള്‍ ഹാജറാക്കണമെന്നുമാണ് നോട്ടീസിലെ നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം പരാതി അംഗീകരിക്കുന്നുവെന്ന് കണക്കാക്കി തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അറിയിപ്പ്. ഡമോക്രാറ്റിക് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ നേതാവ് വി.ലെനിന്‍ കുമാര്‍, ആള്‍ ഇന്ത്യാ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ നേതാവ് എസ്. ബാലാജി എന്നിവര്‍ക്കാണ് കത്ത് ലഭിച്ചത്. എന്നാല്‍ പരിപാടിക്ക് നേതൃത്വം നല്‍കിയ എ.ബി.വി.പി യൂനിറ്റ് മുന്‍ ജോയന്‍റ് സെക്രട്ടറി പ്രദീപ് നര്‍വാള്‍, വൈസ് പ്രസിഡന്‍റ് ജതിന്‍ ഗോരിയ എന്നിവര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടില്ല. അനുമതി നല്‍കാഞ്ഞിട്ടും വിദ്യാര്‍ഥികള്‍ പരിപാടിയുമായി മുന്നോട്ടുപോവുകയായിരുന്നു എന്നാണ് അധികൃതരുടെ വാദം.
 എന്നാല്‍ മുന്‍പും ഇത്തരം പരിപാടികള്‍ സ്ഥിരമായി കാമ്പസില്‍ നടക്കാറുണ്ടെന്നും അനുമതി തേടാറില്ളെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
സംഘാടകരില്‍ പലരെയും ഒഴിവാക്കി ഇടതു വിദ്യാര്‍ഥി നേതാക്കള്‍ക്ക് മാത്രം നോട്ടീസ് നല്‍കിയത് സംശയാസ്പദമാണെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.